കൗണ്‍സിലറെ കൈയേറ്റം ചെയ്തവര്‍ക്ക് എതിരേ നടപടിയെടുക്കണമെന്ന്

തൃശൂര്‍: കോര്‍പ്പറേഷന്‍ കൗ ണ്‍സിലറെ കയ്യേറ്റം ചെയ്ത മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അഴിമതിക്കാരനായ എംവിഐയെ സിപിഎം സംരക്ഷിക്കുന്നുവെന്ന ആരോപണവും കൗണ്‍സില്‍ യോഗത്തിലുണ്ടായി.
എടക്കുന്നി ഡിവിഷനില്‍നിന്നുള്ള സിപിഎം സ്വതന്ത്ര കൗണ്‍സിലര്‍ സി പി പോളിയെ തൃശൂര്‍ ആര്‍ടിഎ ഓഫിസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജു എ ബക്കര്‍ കയ്യേറ്റം ചെയ്തുവെന്നായിരുന്നു ആരോപണം. ജനുവരി 9ന് വൈകീട്ട് എംവിഐയുടെ ഓഫിസില്‍ വെച്ചായിരുന്നു സംഭവം. പഴയ ലോറി പൊളിക്കുന്നതിന് സര്‍ട്ടിഫിക്കറ്റിനായെത്തിയ സി പി പോളിയെ കഴുത്തിന് പിടിച്ച് തള്ളുകയും, അസഭ്യവര്‍ഷം നടത്തുകയും ചെയ്തുവെന്നാണ് സംഘടനാനേതാവുകൂടിയായ സജുവിനെതിരായ പരാതി. പോളിയുടെ പരാതിയില്‍ സജുവിനെതിരായും സജുവിന്റെ പരാതിയില്‍ പോളിക്കെതിരായും വെസ്റ്റ് പോലിസ് കേസെടുത്തിരുന്നു.
എംവിഐയുടെ അഴിമതികള്‍ക്കെതിരെ, സി പി പോളിയും സിപിഎം കൗണ്‍സിലര്‍മാരായ അനൂപ് കരിപ്പാല്‍, പ്രേമകുമാരന്‍ എന്നിവരും ചേര്‍ന്ന് കഴിഞ്ഞ സെപ്തംബറില്‍ വിജിലന്‍സ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷമായി ആര്‍ടിഒ ജോ.ആര്‍ടിഒ തസ്തികകളില്‍ ആളില്ലാത്ത സ്ഥിതിയുണ്ടാക്കി എംവിഐയാണ് ഭരണം നടത്തുന്നതെന്നും വലിയ അഴിമതിയാണ് നടമാടുന്നതെന്നും കൗണ്‍സിലര്‍മാര്‍ ആരോപിച്ചിരുന്നു. വിജിലന്‍സില്‍ പരാതി നല്‍കിയതു ചോദ്യം ചെയ്തായിരുന്നു സി പി പോളിക്കെതിരെ കയ്യേറ്റമുണ്ടായത്. എംവിഐയെ മാറ്റണമെന്ന ആവശ്യം കൗണ്‍സിലര്‍മാര്‍ നിരന്തരം ഉന്നയിച്ചിട്ടും സിപിഎം നേതൃത്വം സംരക്ഷണം നല്‍കുകയായിരുന്നുവെന്ന ആരോപണവും ശക്തമാണ്.
നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് പോളി തന്നെ കൗണ്‍സില്‍ യോഗത്തില്‍ വികാരപരമായി പ്രശ്‌നം ഉന്നയിച്ചത് കോണ്‍ഗ്രസിലെ എം എസ് മുകുന്ദന്‍, ജോണ്‍ ഡാനിയേല്‍, എ പ്രസാദ്, സുബി ബാബു, ബിജെപിയിലെ കെ മഹേഷ് എന്നിവര്‍ പോളിക്ക് ശക്തമായ പിന്തുണ നല്‍കി. അഴിമതിക്ക് സിപിഎം നേതാക്കള്‍ കൂട്ടുനില്‍ക്കുകയാണെന്ന ആരോപണവും അവര്‍ ഉന്നയിച്ചു.മേയര്‍ അജിത ജയരാജനും കയ്യേറ്റത്തെ അപലപിച്ചു എംവിഐ സംഘടനാനേതാവാണെന്നും നടപടിയെടുക്കുമ്പോള്‍ ഇടപെടല്‍ ഉണ്ടാകരുതെന്നും സിപിഎം കൗണ്‍സിലര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ ഉപദേശിച്ചു.
ആരോപണ വിധേയനായ എംവിഐയെ ഉടന്‍ സ്ഥലം മാറ്റണം, കൗണ്‍സിലര്‍ക്കെതിരെ കയ്യേറ്റം നടത്തിയിതന് നടപടി വേണം, കൗണ്‍സിലര്‍ക്കെതിരായ കള്ളകേസ് പിന്‍വലിക്കണം എന്നീ ആവശ്യങ്ങളാണ് യോഗത്തിലുണ്ടായത്. കൗണ്‍സിലിന്റെ വികാരം ശക്തമായി തന്നെ സര്‍ക്കാരിനെ അറിയിക്കുമെന്നും നടപടി ഉണ്ടാകുമെന്നും മേയര്‍ അജിത ജയരാജന്‍ ഉറപ്പ് നല്‍കി.

RELATED STORIES

Share it
Top