കൗണ്‍സിലര്‍മാരുടെ യാത്ര; കൂടുതല്‍ വാഹനങ്ങള്‍ കണ്ടെത്തി

കൊച്ചി: കൊച്ചി നഗരസഭയുടെ വാഹനങ്ങള്‍ കണ്ടെത്തുന്നതിനുളള അന്വേഷണ യാത്രയുടെ ഭാഗമായി എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ഇന്നലെ ഇടപ്പള്ളി, ചേരാനെല്ലൂര്‍ മേഖലകളില്‍ പരിശോധന നടത്തി കൂടുതല്‍ വാഹനങ്ങള്‍ കണ്ടെത്തി. ഇടപ്പള്ളിയില്‍ നാലു കവേഡ് ടിപ്പര്‍ വാഹനങ്ങളും ഒരു ഓപ്പണ്‍ ടിപ്പര്‍ ലോറി കുന്നുംപുറം പാലത്തിനു താഴെയും മഴയും വെയിലുമേറ്റ് കിടക്കാന്‍ തുടങ്ങിയിട്ട് എട്ടു മാസത്തിലധികമായതായി കൗണ്‍സിലര്‍മാര്‍ കണ്ടെത്തി. ചെറിയ അറ്റകുറ്റപ്പണികള്‍ക്കായി വര്‍ക്‌ഷോപ്പില്‍ എത്തിച്ച വാഹനങ്ങള്‍ പലതും അതിന്റെ ഫഌറ്റ്‌ഫോം ഉള്‍പ്പടെ ദ്രവിച്ചു തുടങ്ങിയതായി കാണാന്‍ കഴിഞ്ഞു. ഇതില്‍ പലതിലും ബ്രേക്ക് സിസ്റ്റവുമായി ബന്ധപ്പെട്ട ബൂസ്റ്റര്‍ റിപ്പയര്‍ ചെയ്യാന്‍പോലും കഴിയാത്ത വിധത്തില്‍ നശിച്ചിരിക്കുന്നു. പലപ്പോഴും വാഹനങ്ങള്‍ കൊണ്ടുപോയി വര്‍ക്ക്‌ഷോപ്പുകളില്‍ ഇട്ടതിനു ശേഷം ആരും തിരിഞ്ഞു നോക്കാറില്ലായെന്നതാണ് അറിയാന്‍ കഴിഞ്ഞതെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു. മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന ഇത്തരം വാഹനങ്ങള്‍ വൃത്തിയാക്കാത്തതുമൂലം പ്രധാനപ്പെട്ട ഭാഗങ്ങളെല്ലാം തന്നെ നശിക്കുന്നതായും വര്‍ക്ക്‌ഷോപ്പിലെ മെക്കാനിക്കുകള്‍ സൂചിപ്പിച്ചു. 2013ല്‍ ജനറം ഫണ്ട് ഉപയോഗിച്ച് 3 കോടി 33 ലക്ഷം രൂപ കൊടുത്ത് വാങ്ങിയ 10 കോംപാക്ട് റിഫ്യൂസറുകളില്‍ ഒരെണ്ണം ചേരാനെല്ലൂരിലുള്ള ഓട്ടോമൊബൈല്‍സില്‍ കണ്ടെത്തി. ഏതാണ്ട് ഒരു വര്‍ഷത്തിലധികമായി ടെസ്റ്റിനായി വാഹനം എത്തിച്ചതായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് പെയിന്റടിച്ച വാഹനവും വീണ്ടും ടെസ്റ്റിനായി പെയിന്റടിക്കേണ്ട സാഹചര്യമാണ് കാണാന്‍ കഴിയുന്നത്. പലപ്പോഴും വാഹനങ്ങളിലെ സ്‌പെയര്‍പാര്‍ട്‌സുകള്‍ പലതും മറ്റ് വാഹനങ്ങളിലേക്ക് മാറ്റുന്ന സാഹചര്യവും ഉണ്ടെന്ന് അറിയാന്‍ കഴിഞ്ഞുവെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ഇന്നലത്തെ യാത്രയ്ക്ക് നഗരസഭ പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി, എല്‍ഡിഎഫ് പാര്‍ലിമെന്ററി സെക്രട്ടറി വി പി ചന്ദ്രന്‍, കൗണ്‍സിലര്‍മാരായ ഒ പി സുനില്‍, കെ കെ രവിക്കുട്ടന്‍, ജഗദംബിക സുദര്‍ശന്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top