കൗക്കാട് ആയുര്‍വേദ ആശുപത്രിയില്‍ കിടത്തിച്ചികില്‍സ ഉടന്‍

എടക്കര: മലയോര മേഖലയില്‍ ആയുര്‍വേദ ചികില്‍സാ രംഗത്ത് പുത്തനുണര്‍വ്വ് സൃഷ്ടിക്കാന്‍ മന്ത്രിസഭാ തീരുമാനം. എടക്കര കൗക്കാട് പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ആശുപത്രിയില്‍ കിടത്തി ചികില്‍സ ഉടന്‍ ആരംഭിക്കാനാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. മുപ്പത് കിടക്കകളുള്ള ആശുപത്രിയായി ഉയര്‍ത്തിക്കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവായത്. കിടത്തി ചികില്‍സ ആരംഭിക്കുന്നതിനായി പുതിയ പന്ത്രണ്ട് തസ്തികകളും സൃഷ്ടിച്ചു. മുഴുവന്‍ നിയമനങ്ങളും ഉടന്‍ നടത്തുമെന്ന് പി വി അന്‍വര്‍ എംഎല്‍എ അറിയിച്ചു.
നിലവില്‍ ഒരു ഡോക്ടറടക്കം ജീവനക്കാരാണ് ആശുപത്രിയിലുള്ളത്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മൂന്ന് ഡോക്ടര്‍മാര്‍, മൂന്ന് നഴ്‌സുമാര്‍, രണ്ട് തെറാപ്പിസ്റ്റ്, രണ്ട് ഫാര്‍മസിസ്റ്റ്, ഒരു സാനിറ്റേഷന്‍ വര്‍ക്കര്‍, ഒരു ക്ലാര്‍ക്ക്, ഒരു പാചകക്കാരന്‍ എന്നിങ്ങനെ 12 പേര്‍ കൂടിയാവുന്നതോടെ ജീവനക്കാരുടെ എണ്ണം 16 ആകും. കിടത്തിച്ചികില്‍സ ആരംഭിക്കുന്നതോടെ മലയോര മേഖലയിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് കേരളത്തിന്റെ പാരമ്പര്യ ചികില്‍സ ലഭിക്കും.
കൗക്കാട് എന്ന ഗ്രാമത്തില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് കിഴക്കനേറനാട്ടിലെ ആദ്യത്തെ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി ആരംഭിക്കുന്നത്. പ്രദേശത്തെ സാമൂഹിക പരിഷ്‌കര്‍ത്താവ് കൂടിയായിരുന്ന അയ്യനേത്ത് ഗോവിന്ദന്‍ നായരാണ് സൗജന്യമായി അര ഏക്കര്‍ സ്ഥലം ആശുപത്രിക്കായി നല്‍കിയത്. 2012-13 സാമ്പത്തിക വര്‍ഷത്തില്‍ അന്നത്തെ എംഎല്‍എ ആശുപത്രി വികസനത്തിനായി 50 ലക്ഷം രൂപ അനുവദിച്ചെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞില്ല. ഇതോടെ ഫണ്ട് ലാപ്‌സായി. തുടര്‍ന്ന് 2016 ആഗസ്തില്‍ പി വി അന്‍വര്‍ എംഎല്‍എ ഇടപെട്ട് വികസന പ്രക്രിയകള്‍ പുനരാരംഭിച്ചു. ആഗസ്ത് അവസാനത്തോടെ കിടത്തിച്ചികില്‍സാ ബ്ലോക്കിന്റെ നിര്‍മാണത്തിന് ഭരണാനുമതിയും സപ്തംബറില്‍ സാങ്കേതികാനുമതിയും ലഭിച്ചു. 2016 ഡിസംബറില്‍ തറക്കല്ലിടല്‍ നടന്നു. 2018 ജൂണില്‍ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. 2018 മെയ് 5ന് ആരോഗ്യ മന്ത്രി കെ കെ ഷൈലജ പുതിയ ബ്ലോക്ക് നാടിന് സമര്‍പ്പിച്ചു.
തുടര്‍ന്ന് കിടത്തിച്ചികില്‍സ ആരംഭിക്കുന്നതിനായുള്ള നടപടികള്‍ക്കിടയിലാണ് കേരളത്തെ മുക്കിയ പ്രളയ ദുരന്തമുണ്ടായത്. മേഖലയിലെ 12 ഗ്രാമപ്പഞ്ചായത്തുകള്‍ കൂടി ചേരുന്ന മലയോരത്ത് കിടത്തിച്ചികില്‍സ ലഭ്യമാവുന്ന ഒരു സര്‍ക്കാര്‍ ആയൂര്‍വേദ ആശുപത്രിയിപോലും ഇല്ലെന്ന വാദം ഒടുവില്‍ ധനകാര്യ വകുപ്പിന്റെ അനുമതിക്കും കാരണമായി.
കാലങ്ങളായി ചികില്‍സയ്ക്ക് കോട്ടയ്ക്കല്‍ ആയുര്‍വേദ ആശുപത്രിയെ ആശ്രയിക്കുന്ന ആയിരങ്ങള്‍ക്കാണ് കൗക്കാട് അയ്യനേത്ത് ഗോവിന്ദന്‍ നായര്‍ സ്മാരക ആയുര്‍വേദ ആശുപത്രി ഇനിമുതല്‍ ഉപകാരപ്പെടുക.

RELATED STORIES

Share it
Top