ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത് ബെന്‍സും ബിഎംഡബ്ല്യൂവും സ്വന്തമായുള്ളവര്‍

പത്തനംതിട്ട: പാവങ്ങളുടെ പട്ടിണിയകറ്റാന്‍ സര്‍ക്കാര്‍ നല്‍കുന്ന തുച്ഛമായ ക്ഷേമപെന്‍ഷന് കൈനീട്ടാന്‍ ബെന്‍സും ബിഎംഡബ്ല്യൂവും ഇന്നോവയുമൊക്കെ സ്വന്തമായുള്ളവരും. സ്വന്തമായി കാറുള്ള 64,473 പെന്‍ഷന്‍ ഉപഭോക്താക്കളെയാണ് സര്‍ക്കാര്‍ പരിശോധനയില്‍ കണ്ടെത്തിയത്. ഇവരില്‍ ബെന്‍സ് കാറുള്ള 61 പേരും ബിഎംഡബ്ല്യൂ കാറുള്ള 28 പേരുമുണ്ട്. ഇന്നോവ (2465), സ്‌കോഡയുടെ ഏറ്റവും ഉയര്‍ന്ന മോഡല്‍ (64), ഹോണ്ട (2960, സ്‌കോര്‍പിയോ (191) സ്വന്തമായുള്ളവരും പട്ടികയിലുണ്ട്.
ഒരു ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്കാണ് പെന്‍ഷന് അര്‍ഹത. ആഡംബര വാഹനങ്ങള്‍ ഉള്ളവരുടെ പെന്‍ഷന്‍ ഓണത്തിനു തടഞ്ഞുവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. റേഷന്‍ കാര്‍ഡില്‍ മകനോ മകള്‍ക്കോ വലിയ കാറുണ്ടായിട്ടും ക്ഷേമപെന്‍ഷന്‍ വാങ്ങുന്ന മാതാപിതാക്കളുണ്ട്. ഇത്തരത്തില്‍ 94,043 പേരെ കണ്ടെത്തി. ഇവരുടെ പെന്‍ഷന്‍ തല്‍ക്കാലം നിര്‍ത്തിവയ്ക്കില്ലെങ്കിലും സാമ്പത്തിക സ്ഥിതി പരിശോധിക്കും. പഞ്ചായത്ത് തിരിച്ച് പട്ടിക സെക്രട്ടറിക്കു കൈമാറും.
എല്ലാവരുടെയും സാമ്പത്തിക സ്ഥിതി പരിശോധിച്ച് പെന്‍ഷന് അര്‍ഹതയുണ്ടോ എന്ന് റിപോര്‍ട്ട് ചെയ്യണം. ഇത്തരക്കാര്‍ക്ക് സ്വമേധയാ പെന്‍ഷന്‍ വേണ്ടെന്നുവയ്ക്കാം. നടപടിയുണ്ടാവില്ല. എന്നാല്‍, സര്‍ക്കാര്‍ കണ്ടെത്തുന്നവരില്‍ നിന്ന് പണം തിരിച്ചുപിടിക്കുകയും പുറമേ പിഴ ചുമത്തുന്നതും ആലോചിക്കുമെന്ന് മന്ത്രി അറിയിച്ചു.

RELATED STORIES

Share it
Top