ക്ഷേത്രപരിസരത്തുനിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു: ആര്‍എസ്എസ് പങ്ക് അന്വേഷിക്കണം: എസ്ഡിപിഐ

അടൂര്‍: മണ്ണടി പഴയകാവ് ദേവിക്ഷേത്ര പരിസരത്തുനിന്ന് പോലിസ് ആയുധങ്ങള്‍ കണ്ടെടുത്തു. ഇന്നലെ വൈകീട്ട് 6.30ഓടെ ഏനാത്ത് എസ്‌ഐ ജി ഗോപകുമാറിന്റെ നേതൃത്വത്തിലുള സംഘമാണ് ആയുധങ്ങള്‍ പിടികൂടിയത്. ക്ഷേത്ര ഓഡിറ്റോറിയത്തിനു പിന്നിലെ കാവിനടുത്ത് പുല്ലിനിടയില്‍ ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു ആയുധങ്ങള്‍. രണ്ട് വാള്‍, ഒരു മഴു, രണ്ട് ഇരുമ്പ് കുറുവടി, വലിയ വെട്ടുകത്തി എന്നിവയാണ് കണ്ടെത്തിയത്. പോലിസ് രഹസ്യാന്വേഷണ വിഭാഗം ജില്ലാ പോലിസ് മേധാവിക്ക് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ നടത്തിയത്. ആക്രമണങ്ങള്‍ നടത്തുന്നതിന് ഏതെങ്കിലും സംഘം കരുതിവച്ചി ആയുധങ്ങളാണോയെന്ന് പോലിസ് പരിശോധിക്കുന്നുണ്ട്.ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഈ പ്രദേശത്ത് ഡിവൈഎഫ്‌ഐ -ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. കഴിഞ്ഞദിവസം വിഎച്ച്പി നേതൃത്വത്തില്‍ ക്ഷേത്രപരിസരത്ത് പ്രതിഷേധ യോഗവും ചേര്‍ന്നിരുന്നു. അതേസമയം,സംഭവത്തില്‍ ആര്‍എസ്എസിന്റെ പങ്ക് അന്വേഷിക്കണമെന്ന് എസ്ഡിപിഐ അടൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് അല്‍അമീന്‍ ആവശ്യപ്പെട്ടു. ആര്‍എസ്എസ് സിപിഎം അക്രമിസംഘം മണ്ണടി പ്രദേശത്ത് സംഘര്‍ഷത്തിലൂടെ അശാന്തി സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായിവേണം ആയുധസംഭരണത്തെ കാണേണ്ടത്.  സിപിഎം, ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ വ്യാപക പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top