ക്ഷേത്രത്തെക്കുറിച്ച് മോശം പരാമര്‍ശം: അറസ്റ്റ് തടയണമെന്ന ആവശ്യം തള്ളി

ന്യൂഡല്‍ഹി: കൊണാര്‍ക്ക് സൂര്യക്ഷേത്രത്തെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്ന കേസില്‍ ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകന്‍ അഭിജിത് അയ്യര്‍-മിത്രയെ അറസ്റ്റ് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട ഹരജി സുപ്രിംകോടതി തള്ളി. അഭിജിത്തിന്റെ പരാമര്‍ശങ്ങള്‍ മതവികാരം വൃണപ്പെടുത്തുന്നതാണെന്നും ആ സാഹചര്യത്തില്‍ ജാമ്യത്തിന് അര്‍ഹനല്ലെന്നും ചീഫ് ജസ്റ്റിസ് രന്‍ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കോടതിയില്‍ അഭിജിത് ചൂണ്ടിക്കാട്ടി. അങ്ങനെയെങ്കില്‍ ഏറ്റവും സുരക്ഷിതമായ സ്ഥലം ജയിലാണെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. അവിടെ താങ്കള്‍ സുരക്ഷിതനായിരിക്കുമെന്നും ഗൊഗോയ് പറഞ്ഞു.
സപ്തംബര്‍ 20നാണ് അഭിജിത്തിനെ ഒറീസ പോലിസ് അറസ്റ്റ് ചെയ്തത്. സപ്തംബര്‍ 28ന് അന്വേഷണത്തിനായി ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാവാന്‍ നിര്‍ദേശിച്ചു. തുടര്‍ന്നാണ് സുപ്രിംകോടതിയെ സമീപിച്ചത്.

RELATED STORIES

Share it
Top