ക്ഷേത്രത്തില്‍ സ്‌ഫോടനം; രണ്ടുപേര്‍ക്കു ഗുരുതര പരിക്ക്‌

വളാഞ്ചേരി: എടയൂര്‍ പഞ്ചായത്തിലെ പൂക്കാട്ട് ഇല്ലത്തപ്പടിയിലെ പാലച്ചോട്ടില്‍ ഭഗവതീ ക്ഷേത്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 11.30ഓടെയിരുന്നു സംഭവം. ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇന്‍ഡസ്ട്രിയല്‍ വര്‍ക്കുകള്‍ക്കെത്തിയ കെ പി ശിവപ്രസാദ് (37), കെ പി അപ്പു (58) എന്നിവര്‍ക്കാണു സ്‌ഫോടനത്തില്‍ പരിക്കേറ്റത്.
ക്ഷേത്രത്തില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കളില്‍ വെല്‍ഡിങ് നടത്തുന്നതിനിടെ തീപ്പൊരി വീണതാണു സ്‌ഫോടനത്തിന് ഇടയാക്കിയതെന്നാണു സൂചന. ഇരുവരുടെയും ശരീരത്തില്‍ 25 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നാണ് അറിയുന്നത്. ആര്‍എസ്എസ് ശക്തികേന്ദ്രമായ പ്രദേശങ്ങളില്‍ വര്‍ഗീയ ധ്രുവീകരണത്തിനു കുറേക്കാലമായി സംഘപരിവാരം ശ്രമിച്ചുവരികയാണ്.
സ്‌ഫോടകവസ്തുക്കള്‍ ക്ഷേത്രത്തില്‍ സൂക്ഷിച്ചതിന്റെ കാരണം വ്യക്തമല്ല. ക്ഷേത്രത്തിലെ സ്‌ഫോടനം അറിഞ്ഞിട്ടും വളാഞ്ചേരി പോലിസ് കേസെടുത്തില്ല. കോഴിക്കോട് മെഡിക്കല്‍ കോളജ് പോലിസ് സംഭവം സംബന്ധിച്ച് വളാഞ്ചേരി പോലിസില്‍ വിവരമറിയിച്ചിട്ടുണ്ട്.
ക്ഷേത്രത്തിലെ സ്‌ഫോടനം സംബന്ധിച്ച് അന്വേഷണം നടത്തുകയാണെന്നാണു വളാഞ്ചേരി പോലിസ് പറയുന്നത്. ആര്‍എസ്എസിന്റെ ശക്തികേന്ദ്രമായ പ്രദേശത്ത് ക്ഷേത്രത്തില്‍ സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചത് എന്തിനായിരുന്നുവെന്ന ചോദ്യവും നാട്ടുകാര്‍ ഉയര്‍ത്തുന്നു. ആര്‍എസ്എസിന്റെ ശാഖാ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നടത്തുന്ന പ്രദേശത്ത് ആക്രമണങ്ങള്‍ നടത്തുന്നതിനാണോ ഇവ സൂക്ഷിച്ചതെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.
സ്‌ഫോടനം നടന്ന വിവരമറിഞ്ഞിട്ടും യഥാവിധി അന്വേഷണം നടത്താന്‍ വൈമുഖ്യം കാണിക്കുന്ന പോലിസ് നടപടിയിലും നാട്ടുകാര്‍ക്കു പ്രതിഷേധമുണ്ട്.

RELATED STORIES

Share it
Top