ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത കേസിലെ പ്രതി മോഹനകുമാര്‍ പിടിയില്‍മലപ്പുറം: പൂക്കോട്ടുംപാടം ശ്രീവില്ല്വത്ത് ശിവക്ഷേത്രത്തില്‍ കഴിഞ്ഞദിവസം അതിക്രമിച്ചുകയറി വിഗ്രഹങ്ങള്‍ തകര്‍ത്ത് നാശനഷ്ടം വരുത്തിയ കേസിലെ പ്രതി തിരുവനന്തപുരം കിളിമാനൂര്‍ പുല്ലഴില്‍ സ്വദേശി തെങ്ങുവിള വീട്ടില്‍ സുരേന്ദ്രന്‍ പിള്ളയുടെ മകന്‍ എസ് എസ് മോഹനകുമാറിനെ അറസ്റ്റ് ചെയ്തതായി ജില്ലാ പോലിസ് സൂപ്രണ്ട് ദേബേഷ്‌കുമാര്‍ ബെഹ്‌റ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാലുമാസം മുമ്പ് വാണിയമ്പലത്തുള്ള ബാണാപുരം ദേവീക്ഷേത്രത്തില്‍ കയറി തീയിട്ട കേസിലും ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. 2006 നവംബര്‍ 26ന് കിളിമാനൂര്‍ പാറക്യാട്ട് ക്ഷേത്രത്തിലെ ജീവനക്കാരി കമലാക്ഷിയെ കൊലപ്പെടുത്തി അമ്പലക്കുളത്തില്‍ കൊണ്ടുപോയിട്ട കേസിലും ഇയാള്‍ പ്രതിയാണ്. പൂക്കോട്ടുംപാടത്തെ ക്ഷേത്രത്തില്‍ അക്രമം നടത്തിയശേഷം ബസ്സില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി ക്ഷേത്രത്തിലേക്ക് കൊണ്ടുവരുകയായിരുന്നു. പോലിസ് ചോദ്യം ചെയ്യുന്നതിനിടെ മുങ്ങിയെങ്കിലും മമ്പാട് വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അമ്പലക്കമ്മിറ്റിയുടെ സമയോചിത പ്രവര്‍ത്തനങ്ങളും നാട്ടുകാരുടെ സഹകരണവുമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചതെന്ന് ദേബേഷ്‌കുമാര്‍ ബെഹ്‌റ പറഞ്ഞു.  പ്രതിക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുള്ളതായി തെളിഞ്ഞിട്ടില്ല. 2006 മുതല്‍ നാട്ടില്‍നിന്ന് മുങ്ങിയ പ്രതി പിന്നിട്ട ഒമ്പതു വര്‍ഷം എന്തെല്ലാം ചെയ്തുവെന്ന് വ്യക്തമാവണമെങ്കില്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ജില്ലാ പോലിസ് സൂപ്രണ്ട് പറഞ്ഞു.

RELATED STORIES

Share it
Top