ക്ഷീരമേഖല രണ്ടു വര്‍ഷത്തിനകം സ്വയംപര്യാപ്തമാവും: മന്ത്രി

വടക്കഞ്ചേരി: സര്‍ക്കാര്‍ പ്രഖ്യാപനമനുസരിച്ച് രണ്ടുവര്‍ഷത്തിനകം ക്ഷീരമേഖല സ്വയം പര്യാപ്തമാവുമെന്ന് ക്ഷീര വികസന, മൃഗ സംരക്ഷണ, വനം വന്യജീവി മന്ത്രി കെ രാജു പറഞ്ഞു. കഴിഞ്ഞ ഒന്നേകാല്‍ വര്‍ഷംകൊണ്ട് പതിനേഴര ശതമാനമാണ് ക്ഷീരമേഖലയിലെ ഉല്‍പാദന വര്‍ധനവ്. അനുയോജ്യ വകുപ്പുകളെയും സംഘങ്ങളെയും യോജിപ്പിച്ച് കൃത്യമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതാണ് നേട്ടങ്ങള്‍ക്കു കാരണം. ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നെന്‍മാറയില്‍ നടന്ന ദ്വിദിന ജില്ലാ ക്ഷീര കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പാല്‍ ഉല്‍പാദനത്തില്‍ പാലക്കാട് ജില്ലയ്ക്കുണ്ടായ ആറു ശതമാനം വളര്‍ച്ച പത്ത് ശതമാനമായി ഉയര്‍ത്തണം. ഇതിനുവേണ്ട എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കും. നിലവിലുള്ള മൂവായിരത്തി എണ്ണൂറു ക്ഷീര സംഘങ്ങളില്‍ ഭൂരിഭാഗവും മികച്ച പ്രവര്‍ത്തനം നടത്തുന്നുണ്ട്. ചിലത് മേഖലയ്ക്ക് പേരുദോഷം ഉണ്ടാക്കുന്നത് ഒഴിവാക്കാന്‍ വകുപ്പ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ പരിശോധന നടത്തണം. ക്ഷീര കര്‍ഷകരുടെ പണം സംഘങ്ങളില്‍ കൂടുതല്‍ ദിവസം സൂക്ഷിക്കുന്ന രീതി പുനപ്പരിശോധിക്കണം. ക്ഷേമനിധി കുടിശ്ശിക ഉള്ള സംഘങ്ങള്‍ ഉടന്‍ അടച്ചുതീര്‍ക്കണം. ഡിസംബര്‍ വരെയുളള ക്ഷേമപെന്‍ഷന്‍ കൊടുത്തുതീര്‍ക്കാനുള്ള നടപടി സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൊടുംചൂടില്‍ പാല്‍ ഉല്‍പാദനം കുറയുന്ന പാലക്കാട് ജില്ലയിലെ കാലികള്‍ക്ക് മാത്രമായി പ്രത്യേക ധാതു മിശ്രിതം ക്ഷീരവകുപ്പ് വികസിപ്പിച്ചു കഴിഞ്ഞു. ഇത് ഉപയോഗിച്ചാല്‍ പാലില്‍ ഫാറ്റ്, എസ്, എന്‍, എഫ് അളവുകള്‍ കൂടും. മാത്രമല്ല 12 രൂപവരെ അധിക വരുമാനം കര്‍ഷകനു ലഭിക്കുകയും ചെയ്യും. പദ്ധതിയുടെ പൈലറ്റ് പ്രൊജക്റ്റ് നടപ്പാക്കാന്‍ നെന്‍മാറ, ചിറ്റൂര്‍ മേഖലകളെ തിരഞ്ഞെടുത്തതായി മന്ത്രി അറിയിച്ചു. ബജറ്റില്‍ ക്ഷീരമേഖലയ്ക്കായി സര്‍ക്കാര്‍ നൂറ്റി ഏഴുകോടിയാണ് നീക്കിവച്ചിരിക്കുന്നത്. ഇതിനു പുറമെയാണ് തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതി വിഹിതമായി മുന്നൂറു കോടി നീക്കിവച്ചിരിക്കുന്നത്. ഇത്രയും തുക ക്ഷീരമേഖലയ്ക്കായി വകയിരുത്തുന്നത്് ചരിത്രത്തില്‍ ആദ്യമാണ്. തദ്ദേശ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ ശ്രദ്ധേയമായ  ഇടപെടല്‍ നടത്തുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.  പരിപാടിയില്‍ ഡയറി ഡയറക്ടറിയുടെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. കയറാടി ക്ഷീരസംഘടിപ്പിച്ച പരിപാടിയില്‍ കെ ബാബു എംഎല്‍എ അധ്യക്ഷനായി. ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിച്ച ക്ഷീര കര്‍ഷകരെ പരിപാടിയില്‍ ആദരിച്ചു.

RELATED STORIES

Share it
Top