ക്ഷീരകര്‍ഷക സംഘത്തിലെ കാലിത്തീറ്റ മറിച്ചുവിറ്റെന്ന് ആക്ഷേപം

കടയ്ക്കല്‍: ചിതറ ക്ഷീരകര്‍ഷക സംഘത്തിലെ കാലിത്തീറ്റകള്‍ ചാക്ക് കണക്കിന് കുറവ്. ക്ഷീരകര്‍ഷകര്‍ക്ക് സബ്‌സിഡി ഇനത്തില്‍ നല്‍കാനുള്ള 250ഓളം ചാക്ക് കാലിത്തീറ്റ മറിച്ചുവിറ്റതായി ആരോപണമുയരുന്നു.
കന്നുകുട്ടി പരിപാലനത്തിന് ഭാഗമായി തദ്ദേശസ്വയം ഭരണ വകുപ്പ് മൃഗസംരക്ഷണ വകുപ്പും സംയുക്തമായാണ് കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കി വന്നിരുന്നത്.  530 രൂപ നല്‍കുപ്പോള്‍ 1050 രൂപയോളം വിലവരുന്ന കാലിത്തീറ്റ കര്‍ഷകര്‍ക്ക് നല്‍കിയിരുന്നു. സബ്‌സിഡി ഇനത്തില്‍ ഒരു കിടാവിന് 12000 രൂപയാണ് സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നത്.
ചിതറ ക്ഷീരകര്‍ഷക സംഘം കഴിഞ്ഞ ആറുമാസമായി ക്ഷീരകര്‍ഷകര്‍ക്ക് സബ്‌സിഡി ഇനത്തില്‍ ലഭിക്കുന്ന കാലിത്തീറ്റ നല്‍കുന്നില്ല. കര്‍ഷകര്‍ വാങ്ങുന്നില്ലെന്നും സ്‌റ്റോക്ക് ഉണ്ടെന്നും ഇവര്‍ പറഞ്ഞിരുന്നതായി മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥനായ മനോജ് പറയുന്നു.
കടയ്ക്കല്‍ മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥനായ ഡോക്ടര്‍ മനോജ് നേരിട്ട് ക്ഷീരകര്‍ഷക സംഘത്തില്‍ പരിശോധന നടത്തി. ഇവിടെ ഒരു ചാക്ക് പോലുമില്ലെന്നും രേഖകളില്‍ മാത്രമാണ് 250 ചാക്കെന്നും  കണ്ടെത്തി. തുടര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. കര്‍ഷകര്‍ക്ക് കാലിത്തീറ്റ ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസമെത്തിയ കാലിത്തീറ്റ ചാക്കുകണക്കിനായി മറ്റു വണ്ടികള്‍ ഇവിടെനിന്നും മാറ്റിയതായാണ് ക്ഷീര കര്‍ഷകര്‍ പറയുന്നത്. സംഭവം വിവാദമായപ്പോള്‍ കടയ്ക്കല്‍ എസ്‌ഐ സ്ഥലത്തെത്തുകയും സംഘം ഭാരവാഹികളും കര്‍ഷകരുമായി ചര്‍ച്ച നടത്തുകയും ചെയ്തു.
രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കാമെന്ന് മൃഗസംരക്ഷണവകുപ്പ് അറിയിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top