ക്ഷീരകര്‍ഷകനായ പെഹ്‌ലുഖാനെ തല്ലിക്കൊന്ന കേസ് സാക്ഷികള്‍ക്കു നേരെ വെടിവയ്പ്

ന്യൂഡല്‍ഹി: പശുക്കൊലയ്ക്കിരയായ പെഹ്‌ലുഖാന്റെ കുടുംബത്തിനു നേരെ ആക്രമണം. കേസില്‍ സാക്ഷി പറയാനായി കോടതിയിലേക്ക് പോവുന്നതിനിടെ മക്കളായ ഇര്‍ഷാദ് ഖാനും ആരിഫ് ഖാനും സഞ്ചരിച്ച കാറിനു നേരെ വെടിവയ്ക്കുകയായിരുന്നു. രാജസ്ഥാനിലെ അല്‍വാറില്‍ ഇന്നലെ രാവിലെയാണു സംഭവം. ആര്‍ക്കും പരിക്കില്ല.
അഭിഭാഷകന്‍ അസദ് ഹയാത്തിനൊപ്പം സ്വദേശമായ നൂഹില്‍ നിന്ന് ബെഹ്‌റോര്‍ കോടതിയിലേക്കു പോവുന്നതിനിടെ അല്‍വാര്‍ ദേശീയപാത 8ല്‍ വച്ചാണ് ഇവര്‍ സഞ്ചരിക്കുകയായിരുന്ന കാറിനു നേരെ നമ്പര്‍പ്ലേറ്റില്ലാത്ത സ്‌കോര്‍പിയോ വാനിലെത്തിയ സംഘം നിറയൊഴിച്ചത്. ഇര്‍ഷാദിനെയും ആരിഫിനെയും അഭിഭാഷകനെയും കൂടാതെ മറ്റു സാക്ഷികളായ അസ്മത്ത്, റഫീഖ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. കേസിലെ മുഖ്യ സാക്ഷികളാണ് ഈ നാലുപേര്‍.
തങ്ങളുടെ കാറിനെ പിന്തുടര്‍ന്ന അക്രമികളുടെ വാഹനം കാറിന് അടുത്തെത്തിയതോടെ അസഭ്യം ചൊരിയുകയും വെടിവയ്ക്കുകയുമായിരുന്നുവെന്ന് ഇര്‍ഷാദ് ഖാന്‍ പറഞ്ഞു. ഇതോടെ വേഗത്തില്‍ അതേ റൂട്ടില്‍ തന്നെ കാര്‍ തിരിച്ചശേഷം മറ്റൊരു വഴിയിലൂടെ പോലിസ് സ്‌റ്റേഷനിലെത്തി പരാതികൊടുത്തു. കേസിലെ ആറു പ്രതികള്‍ക്ക് ശുദ്ധിപത്രം നല്‍കിയ ബെഹ്‌റോര്‍ പോലിസില്‍ തങ്ങള്‍ക്കു വിശ്വാസമില്ല. അതിനാല്‍ നേരിട്ട് അല്‍വാര്‍ എസ്പിക്കാണ് പരാതി നല്‍കിയതെന്നും അഭിഭാഷകന്‍ ഹയാത്ത് പറഞ്ഞു.
എന്നാല്‍, ആക്രമണം സംബന്ധിച്ച് രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നും കിട്ടിയാല്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അല്‍വാര്‍ ജില്ലാ പോലിസ് സൂപ്രണ്ട് രാജേന്ദ്രസിങ് പറഞ്ഞു. ആക്രമണം നടന്ന സ്ഥലത്ത് ഇവര്‍ക്കൊപ്പം പോലിസ് എത്തി തെളിവെടുപ്പ് നടത്തി. സാക്ഷികള്‍ക്ക് എല്ലാ സംരക്ഷണവും ഉറപ്പാക്കുമെന്നും കേസ് അല്‍വാറിലേക്കു മാറ്റുന്നത് കോടതിയുടെ പരിഗണനയിലാണെന്നും എസ്പി പറഞ്ഞു.
തങ്ങളുടെ ജീവനു ഭീഷണിയുണ്ടായിരിക്കെ കേസില്‍ എങ്ങനെ നിര്‍ഭയം സാക്ഷിപറയുമെന്ന് അഭിഭാഷകന്‍ ഹയാത്ത് ചോദിച്ചു. കേസ് ബെഹ്‌റോറില്‍ നിന്ന് അല്‍വാറിലേക്കു മാറ്റണമെന്നും ഹയാത്ത് ആവശ്യപ്പെട്ടു.
ക്ഷീരകര്‍ഷകനായ ഹരിയാനയിലെ മെവാത് സ്വദേശി പെഹ്‌ലുഖാനെ കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഒന്നിന് പശുസംരക്ഷണത്തിന്റെ മറവില്‍ കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞമാസം പ്രതികള്‍ക്കെതിരേ മനപ്പൂര്‍വം മുറിവേല്‍പ്പിക്കല്‍, തടസ്സം സൃഷ്ടിക്കല്‍, കുറ്റകരമായ നരഹത്യ, കൊലപാതകം എന്നീ വകുപ്പുകള്‍ ചുമത്തിയിരുന്നു. പിന്നീട് കേസ് ഇന്നലെ പരിഗണിക്കാനായി നീട്ടിവയ്ക്കുകയും നാലു സാക്ഷികളോടും ഹാജരാവാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതുപ്രകാരമാണ് ഇന്നലെ അഭിഭാഷകനൊപ്പം ഇവര്‍ കോടതിയിലേക്കു പുറപ്പെട്ടത്.

RELATED STORIES

Share it
Top