ക്ഷയരോഗ പരിശോധനയ്ക്ക് അത്യാധുനിക മൊബൈല്‍ ടിബി ലാബ്

കണ്ണൂര്‍: ഗുരുതരമായ ക്ഷയരോഗം കണ്ടെത്താന്‍ സഹായിക്കുന്ന അത്യാധുനിക സംവിധാനമായ സിബി-നാറ്റ് മൊബൈല്‍ ടിബി ലാബ് രോഗികള്‍ക്ക് ആശ്വാസമേകും. നൂതന ജനിതക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ക്ഷയരോഗ നിര്‍ണയം നടത്താനും മരുന്നുകളെ പ്രതിരോധിക്കുന്ന തരം ക്ഷയരോഗമാണോയെന്ന് തിരിച്ചറിയാനുമുള്ള സിബി-നാറ്റ് കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളോടും കൂടി മെഡിക്കല്‍ വാനില്‍ ലഭ്യമാണ്.
തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കാന്‍ ജനറേറ്ററും യുപിഎസ് സംവിധാനവുമുണ്ട്. സിബി-നാറ്റ് സംവിധാനത്തിന്റെ കാര്യക്ഷമത നിലനിര്‍ത്താന്‍ എയര്‍ കണ്ടീഷന്‍ സൗകര്യം, പരിശോധനാകിറ്റ് സൂക്ഷിക്കാനുള്ള റഫ്രിജറേറ്റര്‍, 20 ലിറ്റര്‍ സംഭരണ ശേഷിയുള്ള വാട്ടര്‍ ടാങ്ക്, മലിനജലം ശേഖരിക്കാനുള്ള ടാങ്ക്, പരിശോധനാ ഫലം തയാറാക്കി നല്‍കുന്നതിനുള്ള സൗകര്യം തുടങ്ങി എല്ലാവിധ സജ്ജീകരണങ്ങളും വാനില്‍ ക്രമീകരിച്ചിട്ടുണ്ട്.
രണ്ട് മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം ലഭിക്കും. സേവനം പൂര്‍ണമായും സൗജന്യമാണ്. സിബി-നാറ്റ് ടെസ്റ്റിനായി റഫര്‍ ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണം, അതാത് ജില്ലകളില്‍ നിലവിലുള്ള സിബി-നാറ്റ് സൗകര്യം എന്നിവ കണക്കിലെടുത്ത് എല്ലാ ജില്ലകളിലും മൊബൈല്‍ ടിബി ലാബ് സേവനം ലഭ്യമാക്കും.
ഉള്‍പ്രദേശങ്ങള്‍, മലയോര പ്രദേശങ്ങള്‍, ആദിവാസി മേഖലകള്‍, ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങള്‍, യാത്രാസൗകര്യം കുറഞ്ഞ ജനവാസ കേന്ദ്രങ്ങള്‍, ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങള്‍, സാമൂഹിക സുരക്ഷാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ മൊബൈല്‍ ടിബി ലാബ് സേവനം എത്തിക്കും.

RELATED STORIES

Share it
Top