ക്ഷയരോഗ നിര്‍മാര്‍ജനം: ജില്ലാതല വിവരശേഖരണത്തിന് മന്ത്രിയുടെ വീട്ടില്‍ തുടക്കം

കാസര്‍കോട്്: ക്ഷയരോഗം ബാധിക്കുവാന്‍ സാധ്യതയുള്ളവരെ കണ്ടെത്തുന്നതിനായി സംസ്ഥാനത്ത് വാര്‍ഡ്തലത്തില്‍ നടത്തുന്ന വിവരശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്റെ വീട്ടില്‍ നടന്നു. മന്ത്രിയുടെയും ഭാര്യ സാവിത്രി, മകള്‍ നീലി ചന്ദ്രന്‍ എന്നിവരുടെയും വിവരങ്ങള്‍ ചെമനാട് പഞ്ചായത്ത് ചെട്ടുംകുഴിയിലെ വസതിയായ പാര്‍വതിയിലെത്തി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.എ പി ദിനേശ്കുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ശേഖരിച്ചതോടെയാണ് പരിപാടിക്ക് തുടക്കമായത്. വളണ്ടിയര്‍മാരായ എന്‍ ബേബി, കെ സാവിത്രി, കെ സിന്ധു, ഇ മാലിനി, എം പി ജോയി തുടങ്ങിയ വളണ്ടിയര്‍മാരാണ് മന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും വിവരങ്ങള്‍ ശേഖരിച്ചത്. ജില്ലാ ടിബി ഓഫിസര്‍ ഡോ.ടി പി ആമിന, ഡോ.സി എം കായിഞ്ഞി തുടങ്ങിയവര്‍ നേതൃത്വംനല്‍കി. ചെമനാട് പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍, ജില്ലാ പഞ്ചായത്ത് അംഗം സുഫൈജ അബൂബക്കര്‍, ബ്ലോക്ക് പഞ്ചായത്തംഗം ആയിഷ ഷഹദുല്ല, ചെമനാട് പഞ്ചായത്ത് സ്റ്റാന്റിങ്് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി എം ഷാസിയ, പഞ്ചായത്ത് അംഗങ്ങളായ രേണുക ഭാസ്‌ക്കര്‍, മായ കരുണാകരന്‍ സംബന്ധിച്ചു.സംസ്ഥാന ക്ഷയരോഗ നിര്‍മാര്‍ജ്ജന യജ്ഞത്തിന്റെ ഭാഗമായി ജില്ലാ ടിബി സെന്ററിന്റെ നേതൃത്വത്തില്‍ ജില്ലയിലെ മൂന്നു ലക്ഷത്തോളം വീടുകളില്‍ 3066 വളണ്ടിയര്‍മാര്‍ വഴിയാണ് വിവരം ശേഖരിക്കുന്നത്. രണ്ടുപേര്‍ ഉള്‍പ്പെട്ടെ സംഘം എല്ലാ ഞായറാഴ്ചകളിലും വീടുകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കും. വിവരശേഖരത്തിലൂടെ രോഗലക്ഷണമുള്ളവരെ കണ്ടെത്തിയാല്‍ സമീപത്തെ സര്‍ക്കാര്‍ ആശുപത്രികളിലും ലാബുകളിലും വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. തുടര്‍ന്ന് ചികില്‍സയ്ക്കുള്ള സൗകര്യമൊരുക്കി സൗജന്യമരുന്നും നല്‍കും.  ജില്ലയില്‍ സ്വകാര്യ മേഖലയടക്കം 17 കേന്ദ്രങ്ങളില്‍ സൗജന്യ കഫ പരിശോനയ്ക്ക് സൗകര്യമുണ്ട്.

RELATED STORIES

Share it
Top