ക്ഷമിക്കണം സാര്‍, മുഖ്യമന്ത്രി സമ്മേളനത്തിലാണ്

മധ്യമാര്‍ഗം       പരമു
മുഖ്യമന്ത്രി പിണറായി വിജയന് ബഹുതിരക്കാണ്. പാര്‍ട്ടിയുടെ ജില്ലാ സമ്മേളനങ്ങള്‍ ആരംഭിച്ചതോടെയാണ് തിരക്ക് ഇരട്ടിച്ചത്. സമ്മേളനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയെപ്പോലെ മുഖ്യമന്ത്രിയും ഇരിക്കുന്നു. മൂന്നു ദിവസമായാണ് സമ്മേളനങ്ങള്‍ നടക്കുന്നത്. സമ്മേളനം ഉദ്ഘാടനം ചെയ്തു കഴിഞ്ഞ ശേഷം മുഖ്യമന്ത്രി ഹാളില്‍ തന്നെ. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷമാണു മടക്കം. കേരളത്തിന്റെ ചരിത്രത്തില്‍ ഇതൊരു പുതിയ സംഭവമാണ്. ആദ്യ മുഖ്യമന്ത്രി ഇഎംഎസ് മുതല്‍ പിണറായി വിജയന്‍ വരെയുള്ള എല്ലാ മുഖ്യമന്ത്രിമാരും പാര്‍ട്ടിയുടെയും മുന്നണിയുടെയും ബാനറുകളില്‍ വന്നവരാണ്. അക്കാലങ്ങളില്‍ പാര്‍ട്ടി ജില്ലാ സമ്മേളനങ്ങള്‍ ഇതുപോലെ നടന്നിട്ടുണ്ട്. ഇത്രമാത്രം ആര്‍ഭാടങ്ങളില്ല എന്ന ഒരു കുറവു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഏതെങ്കിലും ഒരു മുഖ്യമന്ത്രി ഇങ്ങനെ ജില്ലാ സമ്മേളനങ്ങളില്‍ പൂര്‍ണമായി ഇരുന്ന അനുഭവം ഉണ്ടായിട്ടില്ല. ജില്ലാ സമ്മേളനങ്ങളില്‍ തുടര്‍ച്ചയായി മൂന്നു ദിവസം മുഖ്യമന്ത്രി പങ്കെടുക്കുക എന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. മുഖ്യമന്ത്രിക്ക് ജോലിസമയക്രമം ഒന്നും ആരും നിശ്ചയിച്ചിട്ടില്ല. ജനഹിതം മാനിച്ച് സേവനമനുഷ്ഠിക്കണമെന്നതാണു കീഴ്‌വഴക്കവും മര്യാദയും കടമയും. പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ജനജീവിതവുമായി ബന്ധപ്പെട്ട അനേകായിരം പ്രശ്‌നങ്ങള്‍ നോക്കാനുണ്ട്. വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടുപോവാനുണ്ട്. മുഖ്യമന്ത്രിയുടെ ഒരു നിമിഷം വളരെ വിലപ്പെട്ടതാണെന്ന് ഏവര്‍ക്കുമറിയാം. അതിന്റെ വില അറിയണമെങ്കില്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റില്‍ പോയാല്‍ മതി. ഒരു നിവേദനം കൊടുക്കാന്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കണം. മുഖ്യമന്ത്രി പാര്‍ട്ടി സമ്മേളനത്തില്‍ പോയി ഇരുന്നാല്‍ ജനങ്ങള്‍ ആര്‍ക്ക് അപേക്ഷ കൊടുക്കും? മുഖ്യമന്ത്രിയുടെ മുമ്പിലെത്തുന്ന ഓരോ അപേക്ഷയും ജീവിതപ്രശ്‌നങ്ങളാണ്. അടിയന്തര നടപടികള്‍ വേണ്ടതാണ്. മിക്കതിലും മുഖ്യമന്ത്രിയുടെ കൈയൊപ്പ് തന്നെ ആവശ്യമാണ്. മുഖ്യമന്ത്രി ഓഫിസില്‍ ഹാജരായില്ലെങ്കില്‍ മറ്റു മന്ത്രിമാരും അവര്‍ക്കു തോന്നിയപോലെ നടക്കില്ലേ? ഓഖി ദുരന്തമുണ്ടായപ്പോള്‍ അവിടെയൊന്നു പോവാത്തതിനു മുഖ്യമന്ത്രിയെ തടയുന്ന സംഭവം വരെ ഉണ്ടായില്ലേ? പിണറായി വിജയന്‍ പോളിറ്റ്ബ്യൂറോ മെംബറാണ്. സംസ്ഥാനത്ത് പിബി മെംബര്‍ ഒരാള്‍കൂടിയുണ്ട്- കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി. വാസ്തവത്തില്‍ പാര്‍ട്ടിയുടെ ചുമതല കോടിയേരിയാണു വഹിക്കേണ്ടത്. സമ്മേളനത്തില്‍ പൂര്‍ണ സമയം ഇരിക്കേണ്ടവര്‍ പാര്‍ട്ടി സെക്രട്ടറിയും സെക്രട്ടേറിയറ്റ് മെംബര്‍മാരുമാണ്. ഇവരാണെങ്കില്‍ സമ്മേളനങ്ങളില്‍ നിരനിരയായി ഉണ്ട്. ഒപ്പം കേന്ദ്രകമ്മിറ്റി അംഗങ്ങളും ഉണ്ട്. വി എസ് അച്യുതാനന്ദനു മാത്രമേ അയിത്തം കല്‍പിക്കപ്പെട്ടിട്ടുള്ളൂ. ഭരണകാര്യങ്ങളൊക്കെ മാറ്റിവച്ച് മുഖ്യമന്ത്രി ജില്ലാ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതുകൊണ്ട് ഗുണമേറെയുണ്ട്. അത് അദ്ദേഹത്തിനും പാര്‍ട്ടിക്കും മാത്രമേയുള്ളൂ. സംസ്ഥാന ഭരണത്തിനെതിരായും മുഖ്യമന്ത്രിയുടെ ഏകാധിപത്യപ്രവണതകള്‍ക്കെതിരായും പാര്‍ട്ടി അണികളില്‍ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഭരണം മുന്നോട്ടുപോവുന്നില്ലെന്ന മുറുമുറുപ്പ് പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. ബ്രാഞ്ച്, ഏരിയാ സമ്മേളനങ്ങളില്‍ സഖാക്കള്‍ ഇതൊക്കെ ചര്‍ച്ചചെയ്തിരുന്നു. അത്തരം ചര്‍ച്ചകള്‍ ജില്ലകളില്‍ വരുന്നതു തടയാനുള്ള തന്ത്രവുംകൂടിയാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യം.മുഖ്യമന്ത്രിയുടെ മുഖത്തുനോക്കി വിമര്‍ശനം ഉന്നയിക്കാന്‍ വിപ്ലവകാരികള്‍ക്കു കഴിയില്ല. പോരാത്തതിന് വിമര്‍ശനത്തിനും സ്വയംവിമര്‍ശനത്തിനും ആവശ്യമായ വിഭവങ്ങള്‍ ഉദ്ഘാടനപ്രസംഗത്തില്‍ മുഖ്യമന്ത്രി വാരിവിതറുന്നുമുണ്ട്. ഭരണത്തിന്റെ ശോഭകെടുത്തുന്നത് സിപിഐയാണെന്നു മുഖ്യമന്ത്രി പ്രതിനിധികളെ ബോധ്യപ്പെടുത്തുന്നു. സിപിഐയും സിപിഐ മന്ത്രിമാരും ശല്യക്കാരായി മാറിയിരിക്കുകയാണെന്നും മുഖ്യമന്ത്രി ആക്ഷേപിക്കുന്നു. നമ്മളുടെ പാര്‍ട്ടി ത്യാഗം ചെയ്തു നേടിയെടുത്ത ഭരണം എതിരാളികളെ കൂട്ടുപിടിച്ച് സിപിഐ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി വിവരിക്കുന്നതോടെ പ്രതിനിധികളുടെ രക്തം തിളയ്ക്കുന്നു. പിന്നെ മുഖ്യശത്രു സിപിഐ ആവുന്നു. ചര്‍ച്ചകളുടെ കുന്തമുന സിപിഐക്കെതിരാവുന്നു. സിപിഐയെ മുന്നണിയില്‍ നിന്നു പുറത്താക്കണമെന്നുവരെ പറഞ്ഞവര്‍ക്ക് നല്ല കൈയടിയും കിട്ടുന്നു. അങ്ങനെ മുഖ്യമന്ത്രിയുടെ ദൗത്യം വിജയിക്കുന്നു. പാര്‍ട്ടിയില്‍ തനിക്കു മീതെ ആരുമില്ലെന്ന് അടിവരയിടാനും മുഖ്യമന്ത്രിക്കു കഴിയുന്നു.           ി

RELATED STORIES

Share it
Top