ക്വാറി ഉല്‍പന്നങ്ങളുടെ ക്ഷാമം: പദ്ധതി നിര്‍വഹണം പാളുന്നു

കണ്ണൂര്‍: ജില്ലയില്‍ ക്വാറി ഉല്‍പ്പന്നങ്ങളുടെ ക്ഷാമവും വിലവര്‍ധനവും കാരമം തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണം താളംതെറ്റുന്നതായി ജില്ലാ പഞ്ചായത്ത് യോഗത്തില്‍ വിമര്‍ശനം. ആവശ്യത്തിന് ക്വാറി ഉല്‍പ്പന്നങ്ങള്‍ ലഭിക്കാത്തത് കാരണം റോഡ് നിര്‍മാണം ഉള്‍പ്പെടെയുള്ളവ തടസ്സപ്പെട്ടതായി ജില്ലാ പഞ്ചായത്ത് യോഗത്തില്‍ അംഗങ്ങള്‍ പരാതിപ്പെട്ടു. പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാ ഭരണകൂടവുമായി സഹകരിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അറിയിച്ചു. കരിങ്കല്‍, ചെങ്കല്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് വിലവര്‍ധിപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ കൃത്രിമക്ഷാമമുണ്ടാക്കുന്നതായി സംശയമുണ്ട്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രങ്ങളില്‍ പരിശോധന നടത്തും. വിലവര്‍ധന പരിഹരിക്കാനായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ക്വാറി ഉടമകളുടെ യോഗം വിളിച്ചുചേര്‍ക്കും. സമീപ ജില്ലകളിലേതിനേക്കാള്‍ ഇരട്ടിയിലേറെ വിലയാണ് ക്വാറി ഉല്‍പന്നങ്ങള്‍ക്ക് ജില്ലയില്‍ ഈടാക്കുന്നത്. ഇക്കാര്യം പരിശോധിക്കും. ജില്ലയില്‍ ഇതിനകം 68 ചെങ്കല്‍-കരിങ്കല്‍ ക്വാറികള്‍ക്ക് ജില്ലാ ഭരണകൂടം അനുമതി നല്‍കിയിട്ടുണ്ട്. മറ്റു ജില്ലകളെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണ്. ഫെബ്രുവരിയില്‍ പദ്ധതി വിഹിതത്തിന്റെ 10 ശതമാനവും മാര്‍ച്ചില്‍ 15 ശതമാനവും മാത്രമേ ചെലവഴിക്കാന്‍ സാധിക്കൂ എന്നിരിക്കെ പദ്ധതികള്‍ വൈകുന്നത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാവും. പദ്ധതി നിര്‍വഹണം വേഗത്തിലാവുന്നതില്‍ താല്‍പര്യമില്ലാത്ത ചിലകേന്ദ്രങ്ങള്‍ ബോധപൂര്‍വം തടസ്സം സൃഷ്ടിക്കുന്നുണ്ടോയെന്ന സംശയമുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് അവസാന നിമിഷം പാസാക്കിയ ബില്ലുകളില്‍ ഭൂരിപക്ഷവും നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. പ്രവൃത്തികളും ബില്ലുകളും കൃത്യമായ പരിശോധനയ്ക്ക് വിധേയമാക്കാന്‍ അവസാന ഘട്ടത്തില്‍ സാധിക്കാറില്ല. അത്തരമൊരു സാഹചര്യം ഇല്ലാതാക്കാനായി ഈ വര്‍ഷം പദ്ധതി നിര്‍വഹണത്തിനുള്ള തയ്യാറെടുപ്പുകള്‍ നേരത്തേ നടത്തിയിരുന്നുവെങ്കിലും ചില കരാറുകാരുടെ ഭാഗത്തുനിന്നുണ്ടായ നിസ്സഹകരണം കാരണം അതിന്റെ ഗുണഫലം ലഭിക്കാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. കാറി ഉല്‍പന്നങ്ങളുടെ ക്ഷാമമാണ് നിര്‍മാണ പ്രവൃത്തികള്‍ക്ക് തടസ്സമെന്ന രീതിയിലുള്ള പ്രചാരണത്തിന് പിന്നിലും ഇത്തരം ശക്തികളുടെ കൈകളുണ്ടോ എന്ന് പരിശോധിക്കും. ജിഎസ്ടി കാരണം കരാറെടുക്കുന്നത് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് പറയുന്ന ചില കാറുകാര്‍ പല പ്രവൃത്തികള്‍ക്കും കരാര്‍ ഏറ്റെടുത്തിരിക്കുന്നത് ടെണ്ടര്‍ തുകയേക്കാള്‍ കുറഞ്ഞ നിരക്കിലാണ്. സാമ്പത്തിക നഷ്ടമല്ല, മറ്റെന്തോ താല്‍പര്യങ്ങളാണ് നിസ്സഹകരണത്തിനു പിന്നിലെന്ന സംശയം ഉയരുന്നത് ഈ സാഹചര്യത്തിലാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ബ്ലോക്ക് അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന കൃഷി സ്വയംപര്യാപ്ത ഗ്രാമം പദ്ധതി വന്‍ വിജയമാണെന്നും അടുത്ത വര്‍ഷം കൂടുതല്‍ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുമെന്നും കെ വി സുമേഷ് പറഞ്ഞു. തെരുവുനായകളെ വന്ധ്യംകരിക്കുന്ന എബിസി പദ്ധതി ഏറ്റവും വിജയകരമായി നടപ്പാക്കിയ ജില്ലയാണ് കണ്ണൂര്‍. നിലവിലെ പാപ്പിനിശ്ശേരി കേന്ദ്രത്തില്‍ പദ്ധതി പ്രവര്‍ത്തനം തുടര്‍ന്നുവരുന്നുണ്ട്. തലശ്ശേരി നഗരസഭ, പടിയൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ കൂടി പുതിയ വന്ധ്യംകരണ കേന്ദ്രങ്ങള്‍ ആരംഭിക്കും. പഞ്ചായത്ത് അംഗങ്ങള്‍ മികച്ച രീതിയില്‍ സഹകരിച്ചാല്‍ മാത്രമേ പദ്ധതി വിജയിപ്പിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു. അഴുക്കില്‍ നിന്ന് അഴകിലേക്ക് പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പുഴസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ട്. വളപട്ടണത്തും പേരാവൂരിലും നടന്ന പുഴസമ്മേളനങ്ങളിലും പുഴനടത്തത്തിലും വന്‍ ജനപങ്കാളിത്തമാണുണ്ടായത്. പദ്ധതിക്ക് നല്ല പിന്തുണ നല്‍കുന്ന ജില്ലാ മണ്ണ് സംരക്ഷണ വകുപ്പിനെ യോഗം അഭിനന്ദിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍മാരായ കെ പി ജയബാലന്‍, വി കെ സുരേഷ് ബാബു, ടി ടി റംല, കെ ശോഭ എന്നിവര്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. തോമസ് വര്‍ഗീസ്, ജോയ് കൊന്നക്കല്‍, അന്‍സാരി തില്ലങ്കേരി, അജിത് മാട്ടൂല്‍, സണ്ണി മേച്ചേരി, കെ പി ചന്ദ്രന്‍ മാസ്റ്റര്‍, പി പി ഷാജിര്‍, പി കെ സരസ്വതി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഓഖി ദുരന്ത ബാധിത സഹായ ഫണ്ടിലേക്ക് ജില്ലാപഞ്ചായത്ത് അംഗങ്ങള്‍ നിശ്ചിത തുക സംഭാവന നല്‍കാനും യോഗം തീരുമാനിച്ചു.

RELATED STORIES

Share it
Top