ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് തണല്‍ വിരിക്കുന്ന രാഷ്ട്രീയംകായംകുളം: രാഷ്ട്രീയ അതിപ്രസരവും നേതാക്കന്‍മാരുടെ വ്യക്തിതാല്‍പര്യങ്ങളും ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് തണലാവുന്നു. ക്രിമിനല്‍  സ്വഭാവമുള്ളവരെ കൂടെ നിര്‍ത്താന്‍ രാഷ്ട്രീയ കേന്ദ്രങ്ങള്‍ മല്‍സരിക്കുകയാണ് .  അടിപിടി കഞ്ചാവ് കേസുകളില്‍ പ്രതികളാവുന്നവരെ കേസുകളില്‍ നിന്നു രക്ഷപ്പെടുത്തി തങ്ങളുടെ പാര്‍ട്ടികളില്‍ ചേര്‍ക്കുകയും പിന്നീട് അവരെ ഉപയോഗിച്ച് പ്രതിയോഗികളെ അമര്‍ച്ച ചെയ്യുകയും ചെയ്യുന്ന സമീപനമാണ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാരുടെ ഭാഗത്തു നിന്നു  ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അടുത്തകാലത്ത് നടന്ന പല അക്രമ സംഭവങ്ങളിലെയും പ്രതികള്‍ ഇന്ന് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ അണികളായി  മാറിയിട്ടുണ്ട്. സ്‌കൂള്‍ കോളജ് തലങ്ങളില്‍ പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന  പലരും ഇന്ന് അറിയപ്പെടുന്ന ക്വട്ടേഷന്‍ ഗുണ്ടകളാണ്. കോളജ് തലങ്ങളില്‍ പടിക്കുമ്പോഴുണ്ടായ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പേരില്‍ ജയിലിലാവുകയും സംരക്ഷകരായി എത്തുന്ന നേതാക്കന്മാരുടെ വാക്കുകളുടെ പിന്നാലെ തിരിഞ്ഞു നോക്കാതെ പാഞ്ഞതുമാണ് പലരെയും ഗുണ്ടകളാക്കി മാറ്റിയത്. പണക്കൊഴുപ്പും സ്വാധീനവും തണലാക്കി ഒരു വിഭാഗം യുവാക്കള്‍ ഗുണ്ടായിസം കൈമുതലാക്കിയപ്പോള്‍ ജീവിതത്തിന്റെ ദുര്‍ബല സാഹചര്യങ്ങളില്‍ അടിമപ്പെട്ടു മറ്റൊരു വിഭാഗം ഗുണ്ടകളായി മാറി. ദലിത്, പിന്നാക്ക, ന്യുനപക്ഷ  സമുദായങ്ങളില്‍പ്പെട്ടവരാണ്  ഇവരില്‍ ഏറെയും. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ മറവില്‍ ഉന്നത ബന്ധങ്ങള്‍ നേടിയെടുത്തു സ്വാധീന ശക്തികളായി ഇന്ന്  ക്വട്ടേഷന്‍ മാഫിയ സംഘങ്ങള്‍ വളര്‍ന്നിരിക്കുകയാണ്. ഒരുപറ്റം  പോലിസ് ഉേദ്യാഗസ്ഥരുടെയും രാഷ്ട്രീയനേതാക്കന്മാരുടെയും അഭിഭാഷകരുടെയും 'ബ്ലേഡ് കമ്പനി'യായി  ക്വട്ടേഷന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് . പോലിസ് സേനകളിലെ സ്ഥലം മാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലിസ് മേധാവികളെക്കാളും അസോസിയേഷനുകളെക്കാളും  മുന്നേ അറിയുന്നത് ക്വട്ടേഷന്‍ മാഫിയകളാണ്. അതിനാല്‍ തന്നെ പോലിസിനും മാഫിയകളെ പേടിക്കേണ്ട അവസ്ഥയാണ്. കായംകുളത്തു ക്വട്ടേഷന്‍ ഗുണ്ടാ മാഫികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിച്ചതിന്റെ പേരില്‍ ഒരുമാസത്തിനിടെ രണ്ടു എസ്‌ഐ മാരാണ് സ്ഥലം മാറ്റത്തിന് വിധേയരായത്.

RELATED STORIES

Share it
Top