ക്വട്ടേഷന്‍ സംഘങ്ങളെ പിടികൂടാനാവാതെ പോലിസ് സേനഅമ്പലപ്പുഴ: ക്വട്ടേഷന്‍ മാഫിയാസംഘങ്ങളുടെ ഭീഷണിയില്‍ പോലിസും. ക്വട്ടേഷന്‍ സംഘങ്ങളെ പിടികൂടാനാവാതെ പോലിസ്.
അമ്പലപ്പുഴ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ മയക്കുമരുന്ന് മാഫിയ സംഘങ്ങള്‍ പെരുകിയിരിക്കുകയാണ്. ഇതിന്റെ ഉദാഹരണമാണ് ദിവസങ്ങള്‍ക്ക് മുമ്പ് ആമയിടയില്‍ നടന്നത്. ഇവിടെ നിന്ന് ആംപ്യൂള്‍ കൈവശം വച്ച ഒരു യുവാവിനെ പോലിസ് പിടികൂടിയിരുന്നു. ഈ യുവാവിന്റെ ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് യുവാക്കള്‍ ഓടി രക്ഷപ്പെട്ടു. ഈ സംഘത്തിലുള്ളവര്‍ പിന്നീട് ഗ്രാമപ്പഞ്ചായത്തംഗത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
പുറക്കാട് അപ്പാത്തിക്കരിപ്രദേശവും മാഫിയാസംഘങ്ങള്‍ കൈയടക്കി വച്ചിരിക്കുകയാണ്. പുന്നപ്ര അറവുകാട് കോളനി പ്രദേശത്തും മദ്യ മയക്കുമരുന്നു സംഘങ്ങള്‍ രാത്രികാലങ്ങളില്‍ അഴിഞ്ഞാടുന്നതായാണ് പ്രദേശവാസികള്‍ പറയുന്നത്. ഇവിടെ രാത്രികാലങ്ങളില്‍ മുന്തിയ ഇനം കാറുകളില്‍ അപരിചിതര്‍ പതിവായി എത്താറുണ്ട്. ഇവര്‍ മയക്കുമരുന്ന് വില്‍പ്പനയുമായി എത്താറുണ്ടെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.
മയക്കുമരുന്ന്, മാഫിയസംഘങ്ങള്‍ പോലിസിനെയും നോട്ടമിട്ടിരിക്കുകയാണ്. തങ്ങള്‍ക്കും പുറത്തിറങ്ങി നടക്കാന്‍ കഴിയാറില്ലെന്നും ഭീഷണി തങ്ങള്‍ക്കു മുണ്ടെന്നും ചില പോലിസുകാര്‍ പറയുന്നത്. ഇതു മൂലം ക്വട്ടേഷന്‍, മയക്കുമരുന്ന് സംഘങ്ങളെക്കുറിച്ച് വിവരം ലഭിച്ചിട്ടും പോലിസിന് വിവരം കൈമാറാന്‍ ജനം മടിക്കുകയാണ്. പോലിസില്‍ നിന്നു തന്നെ ഇതിനെക്കുറിച്ചുള്ള വിവരം ഇത്തരം സംഘങ്ങള്‍ക്ക് ലഭിക്കാറുമുണ്ട്. രാഷ്ട്രീയ പിന്‍ബലത്തോടെയാണ് ഇത്തരം ക്വട്ടേഷന്‍, മയക്കുമരുന്നു സംഘങ്ങള്‍ നാടിന്റെ ഉറക്കം കെടുത്തുന്നത്. ഇതിനെതിരെ കടുത്ത നിലപാടു സ്വീകരിക്കാന്‍ പോലിസ് തയ്യാറാവണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

RELATED STORIES

Share it
Top