ക്വട്ടേഷന്‍ കൊലപാതകങ്ങള്‍; 31 പേര്‍ കസ്റ്റഡിയില്‍കായംകുളം: ജില്ലയില്‍ ഹരിപ്പാട്, കരുവാറ്റ, കണ്ടല്ലൂര്‍ എന്നിവിടെങ്ങളില്‍ നടന്ന മൂന്ന് ക്വട്ടേഷന്‍  കൊലപാതങ്ങളുമായി ബന്ധപ്പെട്ട് 31പേര്‍ കസ്റ്റഡിയില്‍. വിവിധ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട  ക്വട്ടേഷന്‍, ഗുണ്ട സംഘങ്ങളില്‍പ്പെട്ടവരെയാണ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കായംകുളം സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും അഞ്ചു പേരെയും ഹരിപ്പാട് നിന്ന് എട്ട് പേരെയും കനകക്കുന്ന് 10 പേരെയും കരീലകുളങ്ങരയില്‍ നിന്ന് എട്ടു പേരെയും പോലിസ് കസ്റ്റടിയിലെടുത്തു. ഇവരെ രഹസ്യ കേന്ദ്രങ്ങളില്‍ എത്തിച്ച് ചോദ്യം ചെയ്തു വരുന്നു. ഡിജിപി ലോക്‌നാഥ് ബഹ്‌റ, എഡിജിപി ബി സന്ധ്യ എന്നിവരുടെ നിര്‍ദേശ പ്രകാരമാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തു വരുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ മുന്നു കൊലപാതകങ്ങളാണ് കായംകുളം, ഹരിപ്പാട് മേഖലകളില്‍ നടന്നത്. ഹരിപ്പാട് കരുവാറ്റ എന്നിവിടങ്ങളില്‍ രാഹുല്‍, ജിഷ്ണു എന്നിവര്‍ ഗുണ്ടാസംഘങ്ങളുടെ കൊലക്കത്തിക്കിരയായി. ഇതിന്റെ ഞെട്ടല്‍ മാറുന്നതിനു മുമ്പാണ് കഴിഞ്ഞ ദിവസം പുല്ലുകുളങ്ങര കളരിക്കല്‍ ജങ്ഷനില്‍ വച്ച് സുമേഷ് കൊല്ലപ്പെട്ടത്. അടുത്തടുത്ത ദിവസങ്ങളിലുണ്ടായ കൊലപാതകങ്ങള്‍ പോലിസിനു അഭിമാനപ്രശ്‌നമായി മാറി. ഡിജിപിയും എഡിജിപിയും നേരിട്ടെത്തി അന്വേഷണ പുരോഗതി വിലയിരുത്തുകയുണ്ടായി. എത്രയും വേഗം പ്രതികളെ പിടികൂടണമെന്നാണ് ഇവര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ക്വട്ടേഷന്‍ ഗുണ്ടാസംഘങ്ങളൂടെ കുടിപ്പകയാണ് കൊലപാതകങ്ങള്‍ക്കു കാരണമെന്ന് വ്യക്തമാണ്. ഇതിനാലാണ് ഈ സംഘങ്ങളില്‍പ്പെട്ടവരെ പോലിസ് കസ്റ്റടിയിലെടുത്തു ചോദ്യം ചെയ്തു വരുന്നത്.

RELATED STORIES

Share it
Top