ക്ലീന്‍ സിറ്റി-ഗ്രീന്‍ സിറ്റി സീറോ വേസ്റ്റ് നഗരസഭാ പദ്ധതി വിജയത്തിലേക്ക്

വടകര: ജനകീയ പങ്കാളിത്തത്തിന്റെ മാതൃകാപരമായ ചരിത്രം തീര്‍ത്ത് കൊണ്ട് നഗരസഭ നടപ്പിലാക്കി വരുന്ന ക്ലീന്‍ സിറ്റി ഗ്രീന്‍ സിറ്റി സീറോ വേസ്റ്റ് വടകര പദ്ധതി വന്‍ വിജയത്തിലേക്ക് എത്തിയതായി വിലയിരുത്തല്‍. പദ്ധതി അവലോകനത്തിനായി ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് വലിയ വിജയം കൈവരിച്ചതായി അഭിപ്രായപ്പെട്ടത്. 2018 ജനുവരിയില്‍ ആരംഭിച്ചതായിരുന്നു സീറോ വേസ്റ്റ് പദ്ധതി. അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് അവ തരംതിരിച്ച് റീ സൈക്ലിംഗ് കേന്ദ്രത്തിലേക്ക് അയക്കുന്ന പദ്ധതിയാണ് നഗരസഭ വിഭാവനം ചെയ്തത്. ഇതിലൂടെ ആഗസ്ത് മാസം വരെ 48,82,028 രൂപ വരവും, 50,17,392 രൂപ ചിലവുമാണ് നഗരസഭയ്ക്കുണ്ടായത്. എന്നാല്‍, ചില സാധനങ്ങള്‍ ശേഖരിക്കുന്നത് ഇനിയും ആരംഭിക്കാത്ത സാഹചര്യത്തിലാണ് ചെറിയ തോതിലുള്ള നഷ്ടം സംഭവിച്ചത്.
പദ്ധതി പ്രവര്‍ത്തനം ആരംഭിച്ച ശേഷം ഇതിലൂടെ നഗരസഭയ്ക്ക് വിവിധ അംഗീകാരങ്ങള്‍ നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. കേരള പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ അവാര്‍ഡില്‍ മൂന്നാം സ്ഥാനം, നബാര്‍ഡിന്റെ നേതൃത്വത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഒന്നാം സ്ഥാനം, കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ അംഗീകാരം എന്നിവ ലഭിച്ചത് കൂടാതെ ഹൈദരാബാദില്‍ നടന്ന നാഷണല്‍ റൂറല്‍ ഇന്നൊവേറ്റീവ് കോണ്‍ക്ലേവില്‍ പങ്കെടുക്കാനുള്ള അവസരവും പദ്ധതി പ്രവര്‍ത്തനത്തിലൂടെ വടകര നഗരസഭയ്ക്ക് ലഭിച്ചിട്ടുണ്ട്. മാത്രമല്ല സീറോ വേസ്റ്റ് പദ്ധതി പ്രവര്‍ത്തനം കണ്ട് പഠിക്കാനായി കേരളത്തിലെ വിവിധ പഞ്ചായത്ത്, മുനിസിപാലിറ്റി എന്നിവിടങ്ങളില്‍ നിന്നും ആളുകള്‍ വടകരയിലേക്ക് എത്തിച്ചേരുകയാണ്. സംസ്ഥാനത്ത് ആദ്യമായാണ് കുടുംബശ്രി മാലിന്യ സംസ്‌കരണ സംരഭക ഗ്രൂപ്പ് രൂപീകരിച്ച് നേരിട്ട് ഇത്തരമൊരു സംവിധാനത്തിന് വടകരയില്‍ രൂപം കൊടുത്തത്.
60 പേരെ ഉള്‍പ്പെടുത്തി ഹരിത കര്‍മസേന രൂപീകരിച്ചാണ് മാലിന്യം ശേഖരിക്കുകയും, തരംതിരിക്കുകയും ചെയ്യുന്നത്. മാത്രമല്ല വാര്‍ഡ് തലങ്ങളില്‍ മൊത്തം വീടുകളെ 40 വീതമുള്ള ക്ലസ്റ്ററുകളാക്കി തിരിച്ച് ഓരോ ക്ലസ്റ്ററിനും ഒരു ക്ലസ്റ്റര്‍ ലീഡര്‍, അദ്ദേഹത്തെ സഹായിക്കാന്‍ പരമാവധി 5 പേരുള്ള ശുചിത്വസേന, വാര്‍ഡ് തലത്തില്‍ ഒരു ഗ്രീന്‍വാര്‍ഡ് ലീഡര്‍, എന്നിങ്ങനെ വിപുലമായ മുന്നൊരുക്കങ്ങള്‍ പദ്ധതിയുടെ ഭാഗമായി ചെയ്തിട്ടുണ്ട്.
2018 ജനുവരി മാസം ആരംഭിച്ച പദ്ധതി ഓരോ മാസത്തില്‍ വിവിധ അജൈവ മാലിന്യങ്ങളാണ് ശേഖരിച്ച് വരുന്നത്. ഇതിനായി പാഴ് വസ്തുക്കള്‍ വാര്‍ഡുകളിലെ ഓരോ ക്ലസ്റ്ററുകളിലും ഇവ സൂക്ഷിക്കുന്നതിന് ഓരോ മിനി എംആര്‍എഫുകളും സംവിധാനം ചെയ്തിട്ടുണ്ട്. തരം തിരിച്ച് ശേഖരിച്ച പാഴ്‌വസ്തുക്കള്‍ വാര്‍ഡിലെ മിനി എംആര്‍എഫില്‍ നിന്നും 5 ദിവസത്തിനുള്ളില്‍ തന്നെ സംസ്‌കരണ കേന്ദ്രത്തിലേക്ക് അയക്കുകയാണ് നിലവില്‍ ചെയ്യുന്നത്.
അതേസമയം നഗരസഭയില്‍ എംആര്‍എഫ് കേന്ദ്രം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് നിലവില്‍ താല്‍കാലിക എംആര്‍എഫ് കേന്ദ്രമാണ് പ്രവര്‍ത്തിച്ച് വരുന്നത്.
ഒരു എംആര്‍എഫ് കേന്ദ്രം കൊണ്ട് ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് കണ്ട് കൂടുതല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള നടപടിക്രമങ്ങള്‍ നടന്നു വരികയാണ്. സ്വച്ഛ് സര്‍വേക്ഷന്‍ 2019ന്റെ റാങ്കിംഗ് മാര്‍ഗ രേഖകള്‍ അടങ്ങിയ വീഡിയോ പ്രദര്‍ശനവും ഇന്നലെ നടന്ന അവലോകന യോഗത്തില്‍ പ്രദര്‍ശിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി കെയു ബിനി, പദ്ധതി പ്രൊജക്ട് മാനേജര്‍ ടിപി ബിജു എന്നിവര്‍ പദ്ധതി വിശദീകരിച്ചു.

RELATED STORIES

Share it
Top