ക്ലാസ് മുറിയില്‍ നിന്ന് പാടത്തേക്കിറങ്ങി വിക്ടോറിയ കോളജിലെ കൃഷി കര്‍മസേന

പാലക്കാട്: ക്ലാസുമുറിയില്‍ നിന്ന് പാടത്തേക്കിറങ്ങി വിക്ടോറിയ കോളജിലെ കൃഷി കര്‍മ്മസേന പ്രവര്‍ത്തകര്‍ മാതൃകയായി. സാമ്പത്തിക ശാസ്ത്രം വിഭാഗത്തിലെ കൃഷി കര്‍മസേനയില്‍ അംഗങ്ങളായ 50 പെണ്‍കുട്ടികളും 10 ആ ണ്‍കുട്ടികളുമാണ് പാടത്തേക്കിറങ്ങി നടീല്‍ നടത്തിയത്. കോളജിന്റെ സാമൂഹ്യ സേവന പരിപാടിയുടെ ഭാഗമായാണ്  ഇത്തരം പ്രവര്‍ത്തനത്തിലേര്‍പ്പെട്ടതെന്ന് കോളജ് പ്രിന്‍സിപ്പല്‍ സഫിയ ബീവി പറഞ്ഞു.
ഹൃദ്രോഗ ബാധിതനായ തിരുവാലത്തൂര്‍ ആലങ്ങോട്ട് വിജയകുമാറിന്റെ കൃഷിനിലമാണ് വിദ്യാര്‍ഥികള്‍  ഞാറുകള്‍ പറിച്ചെടുത്ത് നട്ടു പിടിപ്പിച്ചത്.
ഈ സ്ഥലത്ത് കളപറിക്കുന്നതും നെല്ല് കൊയ്യു ന്നതും വിദ്യാര്‍ഥികള്‍ തന്നെയായിരിക്കും. കൊയ്‌തെടുക്കുന്ന നെല്ലുകള്‍ മുഴുവന്‍ വിജയകുമാറിനു തന്നെ നല്‍കുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. കൊയ്ത്തു വരെയുള്ള എല്ലാ ചെലവുകളും കോളജ് പിടിഎയും കോളജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗവുമാണ് വഹിക്കുകയെന്നും സാമ്പത്തിക ശാസ്ത്ര വിഭാഗം എച്ച്ഒഡി ബിന്ദു ബാലഗോപാലന്‍ ചൂണ്ടിക്കാട്ടി.  പ്രിന്‍സിപ്പല്‍  സഫിയ ബീവി, എച്ച്ഒഡി ബന്ദു ബാലഗോപാല്‍, അസോസിയേററ് പ്രഫസറും പദ്ധതിയുടെ കോ-ഓഡിനേറ്ററുമായ പ്രസാദ് എം ജി, പ്രഫസര്‍മാരായ ജിഷ, പാര്‍വതി, ജീജ, ബിനു സി കുമാര്‍, മോഹന്‍ദാസ് എന്നിവരും വിദ്യാര്‍ഥികളോടൊപ്പം ഞാറ് നടാന്‍ പങ്കാളിയായി.
അരി ഭക്ഷണത്തിന്റെ മഹത്വവും അരി ഉല്‍പാദിപ്പിക്കുന്ന കര്‍ഷകന്റെ വേദനകള്‍ അറിയാനും പാടത്തേക്കിറങ്ങി കൃഷി ചെയ്തു  മനസിലാക്കുന്നതിന് വേണ്ടിയാണ് വിക്ടോറിയ കോളജ് വിദ്യാര്‍ഥികള്‍ കര്‍മസേന രൂപീകരിച്ച് കൃഷിയിടത്തിറങ്ങിയത്.

RELATED STORIES

Share it
Top