ക്ലാസ്മുറിയില്‍ ആത്മാര്‍ഥമായ സംഭാഷണം നടക്കണം: ടീസ്ത സെറ്റില്‍വാദ്

ചാത്തമംഗലം: കുട്ടികളുടെ ഭീതികളും സംശയങ്ങളും ചോദ്യങ്ങളും ഓര്‍മകളും ആത്ഥാര്‍ഥമായി പങ്കുവയ്ക്കാനുള്ള ഇടമായി ക്ലാസ് മുറികള്‍ മാറണമെന്ന്  മാധ്യമ പ്രവര്‍ത്തകയും വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ ടീസ്ത സെറ്റില്‍വാദ്. പല മതത്തിലും ജാതിയിലുംപെട്ട പാവപ്പെട്ടവരും പണക്കാരുമായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം സംസാരിക്കുവാനും മനസ്സിലാക്കാനുമുള്ള ഇടങ്ങളായി മാറുമ്പോള്‍ മാത്രമാണ് സ്‌കൂളുകള്‍ക്ക് ഭരണഘടനാമൂല്യങ്ങള്‍ പഠിപ്പിക്കാനും പരിശീലനം നല്‍കാനുമുള്ള വേദികളായി മാറാന്‍ കഴിയുക. സാമൂഹിക നീതി, സാമുദായിക സൗഹാര്‍ദ്ദം പുതുവിദ്യാഭ്യാസം എന്ന വിഷയത്തില്‍ ദയാപുരത്തു നടക്കുന്ന ത്രിദിന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പ്രഭാഷണം നടത്തുകയായിരുന്നു ടീസ്ത. നമ്മുടെ സാമൂഹ്യപാഠം ഏറ്റുമുട്ടലുകളുടേതും പിടിച്ചടക്കലുകളുടേതുമാണ്. പാരസ്പര്യത്തിന്റേയും കൂട്ടുജീവിതത്തിന്റേയും മഹാചരിത്രം നമുക്കുണ്ട്. ഇത് പഠിപ്പിക്കാന്‍ നാം ശ്രദ്ധിക്കുന്നില്ല. അംബേദ്കറും ഗാന്ധിയും തമ്മിലുള്ള രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ അകലം പഠിപ്പിക്കുന്ന ആരും പറയാറില്ല, ഗാന്ധി വെടിയേറ്റു വീണിടത്ത് ആദ്യമെത്തിയത് അംബേദ്കറാണെന്ന്. 1848ല്‍ സ്ത്രീകള്‍ക്കുള്ള ആദ്യവിദ്യാലയം തുടങ്ങിയ സാവിത്രി ഫുലെ സമുദായത്തിലെ പുരുഷന്മാരില്‍നിന്ന് ഭ്രഷ്ട് നേരിട്ടപ്പോള്‍ ആ സ്‌കൂളില്‍ അധ്യാപകസ്ഥാനം ഏറ്റെടുത്ത ഫാത്വിമ ശെയ്ഖിനെ എത്രപേര്‍ക്കറിയാം.ഇന്ത്യന്‍ ബഹുസ്വരതയ്ക്ക് ഇന്നു വന്നുപെട്ടിരിക്കുന്ന ദൗര്‍ബല്യത്തെ നേരിടാന്‍ ഭരണഘടനാപരമായ ധാര്‍മികതയാണ് നമുക്കാവശ്യം. ഇന്ത്യയുടെ അടിസ്ഥാനത്തെ തന്നെ ചോദ്യംചെയ്യപ്പെടുന്ന ഇന്നത്തെ സാഹചര്യത്തില്‍ അധ്യാപകര്‍ ശക്തരാവണം. കുട്ടികളെക്കൊണ്ട് കുടുംബത്തിന്റെയും അയല്‍പക്കത്തിന്റേയും ചരിത്രമെഴുതിക്കുന്ന ഖോജ് പദ്ധതിയുടെ പ്രവര്‍ത്തനം ടീസ്ത വിശദീകരിച്ചു.തുടര്‍ന്നുനടന്ന പാനല്‍ ചര്‍ച്ചയില്‍ ‘ടിസിഐ ഫോര്‍ യങ് അഡള്‍ട്ട്‌സ്’ പ്രവര്‍ത്തക എലിയാനോര്‍ ജോസഫൈന്‍ ബോട്ട് (നെതര്‍ലാന്റ്), ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജ് അസി. പ്രഫ. ഡോ. എന്‍ പി ആഷ്‌ലി, ഹാബിറ്റാറ്റ് സ്‌കൂള്‍സ് സിഇഒ സി ടി ആദില്‍, അക്കാദമിക് ഡീന്‍ വസീം, യൂസുഫ് ഭട്ട്  പങ്കെടുത്തു. ഐടി വിദ്യാഭ്യാസ സെമിനാറില്‍ കോഴിക്കോട് എന്‍ഐടി അസോ. പ്രഫ.  ഡോ. ലൈല ബി ദാസ്, ബംഗളൂരു അക്കാല്‍വിയോ ടെക്‌നോളജീസ് സീനിയര്‍ ഡാറ്റാ സയന്റിസ്റ്റ് ഡോ. ബാലമുരളി, ഐടി അറ്റ് സ്‌കൂള്‍ മുന്‍ ഡയറക്ടര്‍ കെ പി നൗഫല്‍, എന്‍ പി മുഹമ്മദ് ഹാരിസ്  പങ്കെടുത്തു.

RELATED STORIES

Share it
Top