ക്രൈംബ്രാഞ്ച് അന്വേഷണം നിലച്ചു

മാനന്തവാടി: അസാധാരണമായ രീതിയില്‍ കാട് കത്തിയമര്‍ന്ന സംഭവത്തില്‍ നാലുവര്‍ഷം പിന്നിടുമ്പോഴും പ്രതികളെ പിടികൂടാന്‍ കഴിയാതെ ക്രൈംബ്രാഞ്ച് അന്വേഷണം നിലച്ചു. 2014 മാര്‍ച്ച് 16, 17, 18, 19 തിയ്യതികളിലാണ് തോല്‍പ്പെട്ടി, മുത്തങ്ങ തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാപകമായി തീപ്പിടിത്തമുണ്ടായത്. ഇരുനൂറ് ഹെക്റ്ററിലധികം കാടാണ് കത്തിയമര്‍ന്നത്. നൂറുകണക്കിന് ഉരഗങ്ങളും വെന്തു വെണ്ണീറായി.
കസ്തൂരിരംഗന്‍ റിപോര്‍ട്ടിനെതിരേ സംസ്ഥാനത്ത് പ്രതിഷേധം കത്തിനില്‍ക്കെയാണ് തീപ്പിടിത്തമുണ്ടായത്. അതുകൊണ്ടു തന്നെ സംഭവം മനുഷ്യനിര്‍മിതമാണെന്ന നിഗമനത്തില്‍ വനംവകുപ്പും പോലിസും എത്തിച്ചേരുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പിക്കായിരുന്നു അന്വേഷണ ചുമതല. ഇവര്‍ മണ്ണിന്റെ സാംപിള്‍ ശേഖരിക്കുകയും നിരവധി പേരെ ചോദ്യം ചെയ്യുകയുമുണ്ടായി. സൈബര്‍ സെല്ലിന്റെ സഹായവും തേടിയിരുന്നു. എന്നിട്ടും പ്രതികളെക്കുറിച്ച് തുമ്പ് കിട്ടിയില്ല. ഇതോടെയാണ് അന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. അന്വേഷണം അവസാനിപ്പിച്ചതായി കാണിച്ച് കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചതായാണ് സൂചന.

RELATED STORIES

Share it
Top