ക്രോസ്ബാര്‍ കം ബ്രിഡ്ജ് നിര്‍മാണം പൂര്‍ത്തിയായിബാവിക്കര: മുളിയാര്‍-ബേഡഡുക്ക പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാണ്ടിക്കണ്ടത്ത് പയസ്വിനി പുഴയ്ക്ക് കുറുകെ പാലത്തോട് കൂടിയ ക്രോസ് ബാര്‍ കം ബ്രിഡ്ജ് നിര്‍മാണം പൂര്‍ത്തിയായി. പുഴയില്‍ നീരൊഴുക്ക് തുടങ്ങിയതോടെ തടയണയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വെള്ളം സംഭരിച്ചു. മൂന്ന് വര്‍ഷം കൊണ്ടാണ് പാലത്തിന്റെയും തടയണയുടെയും പണി ചെറുകിട ജലസേചന വകുപ്പ് പൂര്‍ത്തിയാക്കിയത്. ബേഡഡുക്ക പഞ്ചായത്തിലെ പാണ്ടിക്കണ്ടത്തെയും മുളിയാര്‍ പഞ്ചായത്തിലെ അരിയില്‍ പ്രദേശത്തെയും ബന്ധിപ്പിക്കുന്നതാണ് പയസ്വിനി പുഴയിലെ പാണ്ടിക്കണ്ടം പാലം. മലയോര മേഖലയിലെ ഉള്‍പ്രദേശങ്ങളിലെ യാത്രാ പ്രശ്‌നം പരിഹരിക്കുന്നതിനൊപ്പം ജലക്ഷാമം പരിഹരിക്കാനുമാണ് പദ്ധതി നടപ്പിലാക്കിയത്. തടയണയുടെ ഷട്ടറിന്റെ വൈദ്യുതീകരണ ജോലി മാത്രമാണ് ഇനി ബാക്കിയുള്ളത്. 21 കോടിയോളം രൂപയാണ് പാലത്തിന്റെ നിര്‍മ്മാണ ചെലവ്. 106 മീറ്റര്‍ നീളമുള്ള പാലത്തില്‍ രണ്ടു വാഹനങ്ങള്‍ക്ക് ഒരേ സമയം സഞ്ചരിക്കാന്‍ കഴിയും. മൂന്നരമീറ്റര്‍ ഉയരത്തിലുള്ള തടയണയില്‍ രണ്ടുകിലോമീറ്റര്‍ വരെ പുഴയില്‍ വെള്ളം സംഭരിച്ചു നിര്‍ത്താന്‍ കഴിയും. ഷട്ടര്‍ തുറന്നുവിട്ടാല്‍ അഞ്ചു കിലോമീറ്റര്‍ താഴെയുള്ള ബാവിക്കര ജല സംഭരണിയില്‍ വെള്ളം എത്തിക്കാനാവും. 2014 ജനുവരിയില്‍ ജലസേചന മന്ത്രിയായിരുന്ന പി ജെ ജോസഫാണ് ക്രോസ് ബാര്‍ കം ബ്രിഡ്ജ് നിര്‍മാണത്തിന് ശിലാസ്ഥാപനം നിര്‍വഹിച്ചത്. പാലവും ക്രോസ്ബാര്‍ കം ബ്രിഡ്ജും യാഥാര്‍ത്ഥ്യമായെങ്കിലും പാലത്തിലേക്കുള്ള അനുബന്ധ റോഡ് നിര്‍മിക്കാത്തതിനാല്‍ ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കാത്ത അവസ്ഥയാണുള്ളത്. മുളിയാര്‍ പഞ്ചായത്തിലെ കുട്ടിയാനം പ്രദേശത്ത് നിന്ന് വനംവകുപ്പിന്റെ സ്ഥലത്തിലൂടെയാണ് ഇവിടേക്കുള്ള റോഡ് കടന്നു പോകുന്നത.് വനം വകുപ്പ് സ്ഥലം വിട്ട് നല്‍കാത്തതിനാല്‍ റോഡ് ടാര്‍ ചെയ്തിട്ടില്ല.

RELATED STORIES

Share it
Top