ക്രൂരത പുറംലോകത്തെത്തിച്ചത് ക്രൈംബ്രാഞ്ചിന്റെ ഇച്ഛാശക്തി

ശ്രീനഗര്‍: ജമ്മുവിലെ കത്‌വ ജില്ലയില്‍ എട്ടുവയസ്സുകാരിയായ ആസിഫയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് അന്വേഷിച്ച പോലിസ് ക്രൈംബ്രാഞ്ച് സംഘം നേരിട്ടത് നിരവധി പ്രതിസന്ധികള്‍. ഉന്നത രാഷ്്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും വെല്ലുവിളികളെ അതിജീവിച്ചാണ് ആര്‍ കെ ജല്ലയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം കുറ്റപ്പത്രം തയ്യാറാക്കിയത്. ഹിന്ദു സംഘടനകള്‍ ഉള്‍പ്പെടെയുള്ള പ്രബലരുടെ ശക്തമായ എതിര്‍പ്പാണ് അന്വേഷണ സംഘത്തിന് നേരിടേണ്ടി വന്നത്.
ആസിഫ ബാനുവിനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ നരാധമന്മാരെ തുറന്ന് കാട്ടിയത് രമേഷ് കുമാര്‍ ജല്ല എന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്റെ നിശ്ചയദാര്‍ഢ്യം ഒന്നു കൊണ്ടുമാത്രമാണ്. കേസ് അന്വേഷണത്തിനിടയിലും പ്രതികളെ കണ്ടെത്തിയ ശേഷവും ഹിന്ദു എകതാ മഞ്ച്, പ്രാദേശിക അഭിഭാഷകരുടെ അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ രൂക്ഷമായ എതിര്‍പ്പുയര്‍ത്തിയിരുന്നു. കുറ്റവാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ജമ്മു കശ്മീര്‍ മന്ത്രിസഭയിലെ രണ്ട് ബിജെപി മന്ത്രിമാര്‍ ഹിന്ദു സംഘടന നടത്തിയ റാലിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
മെഹബൂബ മുഫ്തി സര്‍ക്കാര്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ഉത്തരവിട്ടത് മുതല്‍ അന്വേഷണ സംഘത്തിന് നേരെ എതിര്‍പ്പുകള്‍ ഉയരാന്‍ തുടങ്ങിയിരുന്നു. അന്വേഷണം തുടങ്ങി അറസ്റ്റുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് ബിജെപി മന്ത്രിമാരും പ്രദേശിക നേതാക്കളുമടക്കം പ്രതികള്‍ക്കായി പരസ്യമായി രംഗത്തെത്തിയത്. പ്രശ്‌നത്തെ വര്‍ഗീയ വല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങളും ഇതിനിടെ നടന്നു. കശ്മീരി പണ്ഡിറ്റായ ആര്‍ കെ ജല്ല നേതൃത്വം നല്‍കുന്ന അന്വേഷണ സംഘത്തില്‍ ഒരു മുസ്‌ലിം ഓഫിസര്‍ കൂടിയുണ്ട്.
കൂടാതെ സിഖ് സമുദായത്തില്‍പെട്ട ഒരാളെ പ്രോസിക്യൂട്ടറായി നിയമിക്കാന്‍ പോലിസ് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച ഞങ്ങളുടെ സഹപ്രവര്‍ത്തകരെ പോലും രക്ഷപ്പെടാന്‍ അനുവദിക്കാതെയാണ് അന്വേഷണം നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി വാലിദ് പറഞ്ഞു.

RELATED STORIES

Share it
Top