ക്രിസ്റ്റ്യാനോയ്ക്ക് അഞ്ചാം ബാലന്‍ഡിയോര്‍ പുരസ്‌കാരം; മെസ്സിയുടെ റെക്കോഡിനൊപ്പംപാരിസ്: ഈ വര്‍ഷത്തെ ബാലന്‍ ഡിയോര്‍ പുരസ്‌കാരം പോര്‍ചുഗീസ് സ്‌ട്രൈക്കറും ലോക ഫുട്‌ബോള്‍ താരവുമായ കൃസ്റ്റിയാനോ റൊണാള്‍ഡോക്ക്. അഞ്ചാമത്തെ തവണയാണ് റൊണാള്‍ഡോ ഈ നേട്ടം കരസ്ഥമാക്കുന്നത്. ഇതിഹാസ താരം മെസിയേയും ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ ജൂനിയറിനേയും പിന്തള്ളിയാണ് പോര്‍ചുഗീസ് ഇതിഹാസത്തിന്റെ നേട്ടം.
പാരീസിലെ ഈഫല്‍ ഗോപുരത്തില്‍ വ്യാഴാഴ്ച ഇന്ത്യന്‍സമയം അര്‍ദ്ധരാത്രിയോടെ നടന്ന ചടങ്ങിലാണ് കൃസ്റ്റ്യാനോക്ക് അവാര്‍ഡ് സമ്മാനിച്ചത്.  കരിയറിലെ അഞ്ചാം ബാലന്‍ദ്യോര്‍ നേടിയ ക്രിസ്റ്റിയാനോ ഈ നേട്ടത്തില്‍ അര്‍ജന്റീനന്‍സൂപ്പര്‍താരം ലയണല്‍ മെസ്സിക്കൊപ്പമെത്തി. കഴിഞ്ഞ തവണയും പോര്‍ച്ചുഗീസ് താരം തന്നെയായിരുന്നു ജേതാവ്.
റയല്‍ മാഡ്രിഡിന് വേണ്ടി ലാലിഗയിലും ചാംപ്യന്‍സ് ലീഗിലും പുറത്തെടുത്ത പ്രകടനമാണ് ക്രിസ്റ്റ്യാനോയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. പരിശീലകന്‍ സിദാന് കീഴില്‍ മികച്ച പ്രകടനം പുറത്തെടുത്ത ക്രിസ്റ്റ്യാനൊ മെസ്സിയും നെയ്മറുമടക്കമുള്ള സൂപ്പര്‍ താരങ്ങളെ പിന്തള്ളുകയായിരുന്നു. കിരീട വിജയങ്ങള്‍ കുറവായിരുന്നതാണ് മെസ്സിക്ക് വിനയായത്.  946 പോയിന്റ് റയല്‍ താരത്തിന് ലഭിച്ചപ്പോള്‍ 670 പോയിന്റ് നേടിയ മെസ്സിയും 361 പോയിന്റ് നേടിയ നെയ്മറും ഏറെ പിന്നിലായിപ്പോയി. ബുഫണ്‍, മോഡ്രിച്ച്, റാമോസ്, എംബാപ്പെ, കാന്റെ, ലെവന്‍ഡോവ്‌സ്‌കി, കെയ്ന്‍ എന്നിവരാണ് നാല് മുതല്‍ പത്ത് വരെ സ്ഥാനങ്ങളിലെത്തിയത്. അതെ സമയം പോള്‍പോഗ്ബ ആദ്യ 30ല്‍ പോലും സ്ഥാനം പിടിക്കാഞ്ഞത് ശ്രദ്ധേയമായി.
യുവേഫ ചാംപ്യന്‍സ് ലീഗ് കിരീടം, യുവേഫ സൂപ്പര്‍ കപ്പ് കിരീടം, സ്പാനിഷ് ലാലിഗ, സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടം, ഫിഫയുടെ ലോകത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരം എന്നിവ ഈ വര്‍ഷം അക്കൗണ്ടിലെത്തിച്ച ക്രിസ്റ്റിയാനോ്ക്ക് ഇരട്ടി സന്തോഷം നല്‍കുന്നതാണ് ബാലന്‍ഡിയോര്‍ പുരസ്‌കാരം.
2008,2013,2014,2016 വര്‍ഷങ്ങളിലാണ് ഇതിന് മുമ്പ് ക്രിസ്റ്റ്യാനൊ ബാലന്‍ദ്യോര്‍ പുരസ്തകാരം നേടിയത്. 2009, 2011,2012,2015 വര്‍ഷങ്ങളില്‍ മെസ്സിക്ക് പിന്നിലായിരുന്നു ക്രിസ്റ്റിയാനോ. ലോകഫുട്‌ബോള്‍ ഭരണസമിതിയുമായായ ഫിഫയുമായുള്ള കരാര്‍ അവസാനിച്ചതിനാല്‍ ഫ്രാന്‍സ് ഫുട്‌ബോള്‍ മാസിക സ്വതന്ത്രമായിട്ടാണ് കഴിഞ്ഞ വര്‍ഷം മുതല്‍ ബാലന്‍ഡിയോര്‍ പുരസ്‌കാരം നല്‍കി വരുന്നത്. ലോകത്തിന്റെ പല ഭാഗത്ത് നിന്നുള്ള 173 മാധ്യമപ്രവര്‍ത്തകരാണ് വിജയിയെ തിരഞ്ഞെടുത്തത്.

കിരീട നേട്ടങ്ങള്‍ കുറഞ്ഞത് മെസ്സിക്ക് തിരിച്ചടി
കഴിഞ്ഞ ഒരു വര്‍ഷത്തെ വ്യക്തിഗത പ്രകടനം നോക്കുമ്പോള്‍ ക്രിസ്റ്റിയേക്കാള്‍ മുകളിലാണ് മെസ്സിയുടെ സ്ഥാനം. എന്നാല്‍ കിരീട നേട്ടങ്ങള്‍ കുറഞ്ഞതാണ് മെസ്സിക്ക് തിരിച്ചടിയായത്. ബാഴ്‌സക്ക് കിരീട നേട്ടങ്ങള്‍ സമ്മാനിക്കാന്‍ മെസ്സിക്ക് കഴിയാതിരുന്നതാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാന്‍ കാരണമായത്.
ക്രിസ്റ്റിയേക്കാള്‍ കൂടുതല്‍ ഗോളുകള്‍ നേടിയത് മെസ്സിയായിരുന്നു. അര്‍ജന്റീന സൂപ്പര്‍ താരം 48 തവണ വലകുലുക്കിയപ്പോള്‍ ക്രിസ്റ്റി നേടിയത് 37 ഗോളുകളാണ്. നാലാം തവണയും യൂറോപ്പിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ടും മെസ്സിയെ തേടിയെത്തിയിരുന്നു. ഇതോടെ നാലു യൂറോപ്യന്‍ ബൂട്ടുകളെന്ന ക്രിസ്റ്റിയുടെ റെക്കോര്‍ഡിനൊപ്പവും അദ്ദേഹം എത്തി.കൂടുതല്‍ ഗോളവസരങ്ങളൊരുക്കിയതും മെസ്സി തന്നെയാണ്. 14 ഗോളുകള്‍ക്കാണ് അദ്ദേഹം വഴിവച്ചത്. ക്രിസ്റ്റിയാവട്ടെ എട്ടും. കൂടാതെ ഷോട്ടുകളുടെ കൃത്യതയിലും ക്രിസ്റ്റിയേക്കാള്‍ കേമനായിരുന്നു മെസ്സി. കഴിഞ്ഞ ദിവസം പുരസ്‌കാരജേതാവിനെ തിരഞ്ഞെടുക്കുമ്പോള്‍ ഉല്‍ക്കണ്ഠകളൊന്നുമില്ലാതെയായിരുന്നു മെസ്സി. പാരിസില്‍ പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുക്കുമ്പോള്‍ നാട്ടില്‍ സിറിന്‍ ലാബ്‌സ് ബ്ലോക്‌ചെയിന്‍ ടെക്‌നോളജി സ്ഥാപനത്തിന്റെ പരസ്യ ചിത്രീകരണത്തിലായിരുന്നു മെസി.

''സന്തോഷവാന്‍; മെസ്സിയുമായുള്ള യുദ്ധം തുടരും''

''ഞാന്‍ വളരെ സന്തോഷവാനാണ്. എന്റെ കരിയറിലെ മനോഹരമായ നിമിഷമാണിത്. ഇങ്ങനെയൊരു നേട്ടത്തിനായി കുറേ കാലമായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. ഈ വര്‍ഷം എന്നെ സംബന്ധിച്ച് സംഭവബഹുലമായിരുന്നു. കിരീടങ്ങളാണ് ഈ പുരസ്‌കാരം നേടാന്‍ സഹായിച്ചത്. പോര്‍ച്ചുഗല്‍ ടീമിലെയും റയല്‍ മാഡ്രിഡ് ടീമിലെയും സഹതാരങ്ങളോട് നന്ദി പറയുന്നു. കുറച്ചു വര്‍ഷം കൂടി ഇതേ ഫോമില്‍ കളി തുടരാനാകുമെന്നാണ് പ്രതീക്ഷ. ഇപ്പോഴത്തെ സാഹചര്യത്തില്‍ കോച്ച് ആവാനുളള സാധ്യത കുറവാണ്. മെസ്സിയുമായുള്ള കളിക്കളത്തിലെ യുദ്ധം തുടരുമെന്ന് തന്നെയാണ് പ്രതീക്ഷ. ബാലന്‍ഡിയോറില്‍ എന്റെ പോരാട്ടം എന്നോടു തന്നെയാണ്. പലപ്പോഴും മെസ്സി എതിരാളിയായി വരികയാണ് ചെയ്യുന്നത്. പുരസ്‌കാരം സ്വീകരിച്ച ശേഷം ക്രിസ്റ്റ്യാനൊ പറഞ്ഞു.

RELATED STORIES

Share it
Top