ക്രിസ്മസ് ദിനത്തില്‍ സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പന

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തില്‍ സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പന. 38.13 കോടി രൂപയുടെ മദ്യമാണ് ബവ്‌റിജസ് കോര്‍പറേഷന്റെ വിവിധ ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷത്തെക്കാ ള്‍ 3.67 കോടിയുടെ വര്‍ധനവാണ് ഇത്തവണ ലഭിച്ചത്.
കഴിഞ്ഞ തവണ ലഭിച്ച ആകെ തുക 34.46 കോടിയായിരുന്നു. മുന്‍വര്‍ഷങ്ങളില്‍ കൂടുതല്‍ മദ്യവില്‍പന നടന്നിരുന്നത് ഇരിങ്ങാലക്കുട, ചാലക്കുടി, കരുനാഗപ്പള്ളി ബെവ്‌കോ കേന്ദ്രങ്ങളില്‍ ആയിരുന്നെങ്കില്‍ ഇത്തവണ ഏറ്റവുമധികം മദ്യം വിറ്റഴിഞ്ഞത് പത്തനംതിട്ട ജില്ലയിലെ തിരുവല്ല വളഞ്ഞവട്ടം ഔട്ട്‌ലെറ്റിലാണ്. 52.03 ലക്ഷത്തിന്റെ മദ്യമാണ് ഇവിടെ വിറ്റുപോയത്. നെടുമ്പാശ്ശേരി 51.16, ചങ്ങനാശ്ശേരി— 51.01, ചാലക്കുടി— 40.90 എന്നിവയാണ് വരുമാനത്തില്‍ മുന്നില്‍നില്‍ക്കുന്ന മറ്റു ബെവ്‌കോ കേന്ദ്രങ്ങള്‍.
ക്രിസ്മസ് വിപണിയിലും കഴിഞ്ഞവര്‍ഷത്തെക്കാള്‍ 11.34 കോടിയുടെ അധികവില്‍പന നടന്നു. ക്രിസ്മസ് തലേന്നു മാത്രം 7.67 കോടിയുടെ അധികവില്‍പന നടന്നു. 49.20 കോടിയുടെ മദ്യം ഇത്തവണ സംസ്ഥാനത്ത് വിറ്റഴിച്ചു. 41.53 കോടിയുടെ മദ്യമായിരുന്നു കഴിഞ്ഞതവണ വിറ്റഴിച്ചത്.
അതേസമയം, ഡിസംബര്‍ 22 മുതല്‍ 25 വരെയുള്ള നാലു ദിവസങ്ങളില്‍ ചില്ലറവില്‍പനശാലകള്‍ വഴിയും വെയര്‍ഹൗസ് വഴിയും ബെവ്‌കോ വിറ്റത് 195.29 കോടിയുടെ വിദേശമദ്യമാണ്. മുന്‍വര്‍ഷത്തെ (167.31) അപേക്ഷിച്ച് 27.98 കോടിയുടെ വര്‍ധന ലഭിച്ചതായി ബെവ്‌കോ എംഡി എച്ച് വെങ്കിടേശ് അറിയിച്ചു.
കണ്‍സ്യൂമര്‍ ഫെഡിനും ബാറുകള്‍ക്കും മദ്യം നല്‍കുന്നത് വെയര്‍ഹൗസുകളില്‍ നിന്നാണ്. 23നാണ് ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്. 59.12 കോടി. ബാറുകള്‍ക്ക് പുറമെ ബെവ്‌കോയുടെ 257 ചില്ലറ വില്‍പനശാലകളാണ് പ്രവര്‍ത്തിക്കുന്നത്.

RELATED STORIES

Share it
Top