ക്രിമിനല്‍ കേസ് പ്രതികള്‍ മല്‍സരിക്കുന്നത് തടയാന്‍ നിയമം കൊണ്ടുവരണം

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെടുന്നവരെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് അയോഗ്യരാക്കാന്‍ ജുഡീഷ്യറിക്ക് കഴിയില്ലെന്ന് സുപ്രിംകോടതി. ഇക്കാര്യത്തില്‍ പാര്‍ലമെന്റാണ് നിയമനിര്‍മാണം നടത്തേണ്ടതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. രാഷ്ട്രീയത്തില്‍ വര്‍ധിച്ചുവരുന്ന ക്രിമിനല്‍വല്‍ക്കരണം തടയുന്നതിന് കോടതി മാര്‍ഗനിര്‍ദേശവും പുറപ്പെടുവിച്ചു.
ഇന്ത്യന്‍ ജനാധിപത്യത്തില്‍ രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണം വര്‍ധിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. പണവും കൈയൂക്കും ഉപയോഗിച്ച് അധികാരം നേടുന്നവരെക്കൊണ്ട് രാജ്യം പൊറുതിമുട്ടുന്നുണ്ട്. രാഷ്ട്രീയത്തില്‍ അഴിമതിക്കാര്‍ വരുന്നത് ഒരു ബാധ്യതയാണ്. ഈ ഭീഷണി തടഞ്ഞുനിര്‍ത്താന്‍ പാര്‍ലമെന്റ് ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി.
ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ അയോഗ്യരാക്കാന്‍ കോടതിക്ക് കഴിയില്ല. ക്രിമിനലുകളെ തിരഞ്ഞെടുപ്പില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ടത് പാര്‍ലമെന്റിന്റെ ചുമതലയാണ്. ഇതിനായി ആവശ്യമെങ്കില്‍ നിയമം കൊണ്ടുവരാമെന്നും കോടതി വ്യക്തമാക്കി.
സുപ്രിംകോടതി അഭിഭാഷകനും ബിജെപി ഡല്‍ഹി ഘടകം വക്താവുമായ അശ്വിനി കുമാര്‍ ഉപാധ്യായ നല്‍കിയ ഹരജിയിലാണ് ഭരണഘടനാ ബെഞ്ച് സുപ്രധാനമായ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്. ക്രിമിനല്‍ കേസില്‍ രണ്ടോ അതിലധികമോ വര്‍ഷം ശിക്ഷിക്കപ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് നിലവില്‍ ആറു വര്‍ഷത്തെ വിലക്കുണ്ട്.

RELATED STORIES

Share it
Top