ക്രിമിനല്‍ കേസ് പ്രതികളായ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണം

തിരുവനന്തപുരം: ക്രിമിനല്‍ കേസുകളില്‍ പ്രതികളെന്ന് ആഭ്യന്തര വകുപ്പ് കണ്ടെത്തിയ 1129 പോലിസ് ഉദേ്യാഗസ്ഥര്‍ക്കെതിരേ കേരള പോലിസ് ആക്റ്റിലെ 86ാം വകുപ്പ് പ്രകാരം നടപടി സ്വീകരിച്ച ശേഷം രേഖാമൂലം അറിയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. നടപടികള്‍ സ്വീകരിച്ച ശേഷം ആഭ്യന്തര വകുപ്പ് സെക്രട്ടറിയും സംസ്ഥാന പോലിസ് മേധാവിയും 30 ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് നിര്‍ദേശിച്ചു.
കേരള പോലിസ് ആക്റ്റിലെ വകുപ്പ് 86(1) അനുസരിച്ച് ക്രിമിനല്‍ കുറ്റങ്ങളില്‍ ഏര്‍പ്പെടുന്ന പോലിസ് ഉദേ്യാഗസ്ഥരെ ഉടനെ സസ്‌പെന്റ് ചെയ്യണമെന്നാണ് വ്യവസ്ഥ. നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കിയ ശേഷവും കുറ്റകൃത്യം തെളിയിക്കപ്പെടുകയാണെങ്കില്‍ സേനയില്‍ നിന്നു നീക്കം ചെയ്യണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. 1129 പോലിസുകാര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായിട്ടും കേരള പോലിസ് ആക്റ്റിലെ വ്യവസ്ഥയനുസരിച്ച് നടപടി സ്വീകരിക്കാന്‍ ഉയര്‍ന്ന ഉദേ്യാഗസ്ഥര്‍ തയ്യാറായിട്ടില്ലെന്ന് കമ്മീഷന്‍ കുറ്റപ്പെടുത്തി. കുറ്റക്കാരായ ഉദേ്യാഗസ്ഥരെ ചുരുങ്ങിയത് നിയമപരിപാലനത്തില്‍ നിന്നു നീക്കി പോലിസിന്റെ സിവില്‍ വിഭാഗത്തില്‍ അടിയന്തരമായി മാറ്റി നിയമിക്കണം.
വിവരാവകാശ പ്രവര്‍ത്തകനായ അഡ്വ. ഡി ബി ബിനുവിനു വിവരാവകാശ നിയമപ്രകാരം ആഭ്യന്തര വകുപ്പ് കൈമാറിയ മറുപടിയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ പറഞ്ഞിരിക്കുന്ന വസ്തുതകള്‍ ഞെട്ടിക്കുന്നതാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. കുറ്റക്കാരായ 1129 ഉദേ്യാഗസ്ഥരില്‍ 250 പേര്‍ ജോലി ചെയ്യുന്നത് തിരുവനന്തപുരത്താണ്.
എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ക്രിമിനല്‍ കേസ് പ്രതികളുടെ പട്ടിക തയ്യാറാക്കിയത്. 2011ല്‍ കേരള ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് കുറ്റക്കാരായ ഉദേ്യാഗസ്ഥരെ കണ്ടെത്താന്‍ സര്‍ക്കാര്‍ എഡിജിപിയുടെ നേതൃത്വത്തില്‍ പാനലുണ്ടാക്കിയത്. 10 ഡിവൈഎസ്പിമാരും 46 സിഐമാരും 230 എസ്‌ഐമാരും കേസില്‍ പ്രതികളാണ്. നിയമപരിപാലനത്തിനു നിയോഗിക്കപ്പെട്ടവര്‍ ക്രിമിനല്‍ കേസുകളില്‍ പങ്കാളികളാവുന്നുവെന്ന വിവരം അദ്ഭുതപ്പെടുത്തുന്നതായി കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. സമൂഹത്തിലെ പാവപ്പെട്ടവരെ കൈകാര്യം ചെയ്യാനാണ് പോലിസ് ഉദേ്യാഗസ്ഥര്‍ക്ക് താല്‍പര്യമെന്ന് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നതായി കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

RELATED STORIES

Share it
Top