ക്രിക്കറ്റ് സ്‌റ്റേഡിയം നിര്‍മാണം: കേസ് വിജിലന്‍സിന് കൈമാറും

കാസര്‍കോട്: മാന്യയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന് 2013ല്‍ ക്രിക്കറ്റ് സ്‌റ്റേഡിയം നിര്‍മിക്കാനായി 8.46 ഏക്കര്‍ സ്ഥലം വാങ്ങിയതില്‍ അഞ്ച് ഭാരവാഹികള്‍ കമ്മീഷന്‍ പറ്റിയതായി ആരോപണം. ഇവര്‍ക്കെതിരേ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യും. സെന്റിന് 54,000 രൂപയാണ് വില നിശ്ചയിച്ചത്. ഏകദേശം നാലര കോടി രൂപ നല്‍കിയാണ് സ്‌റ്റേഡിയത്തിന് സ്ഥലം വാങ്ങിയത്. ഇതില്‍ അഞ്ച് ഭാരവാഹികള്‍ രണ്ട് ലക്ഷം രൂപ വീതം കമ്മീഷന്‍ പറ്റിയതായി പുറത്ത് വന്നിട്ടുണ്ട്.
ഒരു ബാങ്കിന്റെ കാസര്‍കോട് ശാഖയില്‍ ചെക്ക് മുഖേനയാണ് തുക നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്്. 2016 വരേ പ്രസ്തുത സ്ഥലത്തിന്റെ പേരില്‍ ആക്ഷേപം ഉയര്‍ന്നിരുന്നില്ല. എന്നാല്‍ 2016ന് ശേഷമാണ് കെസിഎയുടെ സംസ്ഥാന കമ്മിറ്റി മുന്‍ പ്രസിഡന്റ് ടി സി മാത്യുവിനെതിരേയുള്ള നടപടിക്ക് ശേഷമാണ് സ്ഥലത്തിലെ അഴിമതി കാര്യങ്ങള്‍ പുറത്ത് വരുന്നത്. ആകെയുള്ള 8.46 ഏക്കറില്‍ 32 സെന്റ് സ്ഥലത്ത് പൊതുതോട് ഉണ്ടെന്നും പട്ടിക വര്‍ഗക്കാര്‍ക്ക് അനുവദിക്കപ്പെട്ട സ്ഥലമാണെന്നും കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കെസിഎ ഭാരവാഹിയായിരുന്ന ടി എം ഇക്ബാലിന്റെ പരാതിയിലാണ് സ്ഥലം പരിശോധിക്കുകയാണ്. 32 സെന്റ് സ്ഥലം പട്ടികവര്‍ഗക്കാര്‍ക്ക് അവകാശപ്പെട്ട സ്ഥലമാണെന്നും പൊതുതോട് ഉണ്ടായിരുന്നുവെന്നും അന്ന് കണ്ടെത്തിയിരുന്നു. ശനിയാഴ്ച കാസര്‍കോട് താലൂക്ക് ഓഫിസില്‍ ചേര്‍ന്ന വികസന സമിതി യോഗത്തിലാണ് ബേള വില്ലേജ് ഓഫിസര്‍ കെ നോയല്‍ റോഡ്രിഗ്‌സ് 32 സെന്റ് സ്ഥലം നിഷിപ്തമാണെന്ന് റിപോര്‍ട്ട് നല്‍കിയത്. ഇതേ തുടര്‍ന്ന് ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിന് സ്‌റ്റോപ്പ് മെമ്മോ നല്‍കുകയായിരുന്നു.

RELATED STORIES

Share it
Top