ക്രിക്കറ്റ് അഴിമതി; ഫാറൂഖ് അബ്ദുല്ല കോടതിയില്‍ നേരിട്ട് ഹാജരാവണം

ശ്രീനഗര്‍: ജമ്മുകശ്മീര്‍ ക്രിക്കറ്റ് അസോസിയേഷനിലെ (ജെകെസിഎ) കോടികളുടെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യമെടുക്കുന്നതിന് നാഷനല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുല്ല നേരിട്ട് ഹാജരാവണമെന്ന് കോടതി. കേസില്‍ നേരിട്ട് ഹാജരാവുന്നതില്‍ നിന്ന് ഫാറൂഖ് അബ്ദുല്ലയെ ഒഴിവാക്കണമെന്നഭ്യര്‍ഥിച്ച് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ശ്രീനഗര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. നേരിട്ട് ഹാജരായതിനു ശേഷം ഹരജി പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. കേസ് ആഗസ്ത് 29ന് പരിഗണിക്കും.
അഴിമതിക്കേസില്‍ ഫാറൂഖ് അബ്ദുല്ലയടക്കം നാലുപേര്‍ക്കെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത് ഈ മാസം 16നാണ്. ജമ്മുകശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്റെ ഫണ്ട് തിരിമറി നടത്തി എന്നാണ് കേസ്. ജെകെസിഎ മുന്‍ പ്രസിഡന്റ് മുഹമ്മദ് സലിംഖാന്‍, മുന്‍ ട്രഷറല്‍ അഹസാന്‍ അഹ്മദ് മിര്‍സ, ജമ്മുകശ്മീര്‍ ബാങ്കിലെ എക്‌സിക്യൂട്ടീവ് ബഷീര്‍ അഹ്മദ് മിസ്ഗര്‍ എന്നിവരാണ് മറ്റു പ്രതികള്‍. കേസില്‍ 2015ലാണ് ജമ്മുകശ്മീര്‍ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. രണ്ട് ക്രിക്കറ്റ് കളിക്കാരുടെ പരാതിയെത്തുടര്‍ന്നാ യിരുന്നു കോടതി ഉത്തരവ്.

RELATED STORIES

Share it
Top