ക്രിക്കറ്റില്‍ നിന്ന് ഫുട്‌ബോളിലേക്ക്; ശ്രീരാഗിനും കേരളത്തിനും സന്തോഷം

ആനക്കര: കേരളം സന്തോഷ് ട്രോഫിയില്‍ മുത്തമിടുമ്പോള്‍ വിജയാരവങ്ങള്‍ക്ക് പിന്നില്‍ ശ്രീരാഗുണ്ട്. 2007- 08 കാലഘട്ടത്തില്‍ സംസ്ഥാന അണ്ടര്‍ 17 ക്രിക്കറ്റില്‍ പാലക്കാടിന് വേണ്ടി കളിച്ച ചരിത്രമുണ്ട് ശ്രീരാഗിന്. ഓള്‍ റൗണ്ടറായിരുന്നു ക്രിക്കറ്റില്‍. പക്ഷേ, മനസ്സുടക്കിയത് ഫുട്‌ബോളിലായിരുന്നു.
നാട്ടുകാരുടെ നിര്‍ലോഭമായ പിന്തുണ കൂടിയായപ്പോള്‍ അതങ്ങുറച്ചു. പ്ലസ്ടുവില്‍ അണ്ടര്‍ 17 ഫുട്‌ബോളി ല്‍ കേരളാ ടീമിനു വേണ്ടി കളിച്ചു. കേരളവര്‍മ കോളജ് ടീമിലും, പിന്നീട് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ടീമിലും എത്തി. കേരളാ ടീം ക്യാപ്റ്റന്‍ രാഹുലും ശ്രീരാഗും യൂനിവേഴ്‌സിറ്റി ടീമില്‍ ഒരേ ബാച്ചുകാരായിരുന്നു. കോളജ് കാലഘട്ടത്തിലെ അച്ഛന്റെ രോഗവും മരണവും ജീവിതം  അനിശ്ചിതത്വത്തിലാക്കിയപ്പോഴാണ് പ്രഫഷനല്‍ ക്ലബ്ബിലേക്ക് ചേക്കേറുന്നത്. ഗോവ ചര്‍ച്ചില്‍ ബ്രദേഴ്‌സിനു വേണ്ടി ബൂട്ടണിഞ്ഞു. 2015 ലാണ് കേരളാ ടീമിലെത്തുന്നത്. നാലാം തവണയാണ് സന്തോഷ് ട്രോഫി കളിക്കുന്നത്. കളി മികവ് കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷം കേരള പോലിസിന്റെ ഭാഗമായി. പോലിസ് ടീമിനു വേണ്ടി മികച്ച രീതിയില്‍ കളിക്കുകയെന്നതാണ് ശ്രീരാഗിന്റെ സ്വപ്‌നം.
കൊയ്‌തൊഴിഞ്ഞ പാടങ്ങളിലും, മൈതാനങ്ങളിലുമായിരുന്നു ശ്രീരാഗിന്റെ ആദ്യ പരിശീലനം. കളിക്കമ്പക്കാരനായ അച്ഛന്‍ ഗോപാലനാണ് ശ്രീരാഗിലെ കളിക്കാരനെ മനസ്സിലാക്കിയത്. ചാലിശ്ശേരി ഹൈസ്‌കൂളിലെ പിടി അധ്യാപിക ഷക്കീല സ്‌കൂള്‍ ടീമില്‍ കളിപ്പിച്ചും പരിശീലനം നല്‍കിയും അവസരങ്ങളുടെ ആകാശം നല്‍കി. അന്നുമിന്നും മകന്റെ സ്വപ്‌നങ്ങള്‍ക്ക് താങ്ങായി നില്‍ക്കുകയാണ് അമ്മ ജയശ്രീ.

RELATED STORIES

Share it
Top