ക്രമക്കേട്; ഓട നിര്‍മാണം നാട്ടുകാര്‍ തടഞ്ഞു

ഓയൂര്‍: ആയൂര്‍-ഇത്തിക്കര റോഡിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് റോഡുവിള മുതല്‍ കുമ്മല്ലൂര്‍ ഭാഗം വരെ അതിര്‍ത്തി നിര്‍ണയത്തില്‍ വന്‍ ക്രമക്കേടെന്ന് പരാതി നിലനില്‍ക്കെ നിര്‍മാണത്തിലും അപകാതയെന്ന് ആരോപിച്ച് നാട്ടുകാര്‍ ഓടനിര്‍മാണം തടഞ്ഞു.
പുതുതായി നടത്തിയ സര്‍വ്വെ പ്രകാരം റോഡ് പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തി അതിര്‍ത്തി കല്ലുകള്‍ നാട്ടിയിരുന്നു. പല സ്ഥലങ്ങളിലും അതിര്‍ത്തി കല്ലുകള്‍ സ്ഥാപിച്ചതില്‍ തന്നെ വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നുള്ള ആരോപണം നിലനില്‍ക്കെയാണ് കഴിഞ്ഞദിവസം ഓയൂര്‍ അടയറയില്‍ ഓട നിര്‍മാണം ആരംഭിച്ചത്. ടാറിട്ട റോഡില്‍ നിന്നും സ്വകാര്യ വ്യക്തികള്‍ കൈയ്യേറിയിരുന്ന ആറ് മീറ്ററോളം വീതിയില്‍ കല്ലിട്ടിരുന്ന സ്ഥലം ഏറ്റെടുക്കാതെ നിലവിലുള്ള റോഡിന്റെ ഓരത്തായി ഓട നിര്‍മാണം ആരംഭിച്ചതാണ് നാട്ടുകാര്‍ തടഞ്ഞത്. റോഡിന്റെ ഇരുവശങ്ങളിലേയും പുറമ്പോക്ക് ഭൂമി മുഴുവനായി ഏറ്റെടുത്ത്  വശങ്ങളിലായി ഓട നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അടയറയിലെ കൊടുംവളവില്‍ പുറമ്പോക്ക് ഭൂമി എടുക്കാതെ ഓട നിര്‍മിച്ചാല്‍ റോഡിന്റെ നിലവിലുളള വീതി കുറയുകയും ഇത് വന്‍ അപകടങ്ങള്‍ക്ക് കാരണമാവുമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതേ സ്ഥലത്ത് മുമ്പ് രണ്ട് അപകടങ്ങളില്‍ രണ്ടു പേര്‍ മരണപ്പെട്ടിരുന്നു.
അതിര്‍ത്തി കല്ല് സ്ഥാപിച്ചതിനുശേഷവും ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കൈയ്യേറ്റം സാധൂകരിച്ച് നല്‍കുന്നതിലൂടെ വന്‍ അഴിമതി നടക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. 1990ല്‍ പൂര്‍ത്തീകരിച്ച് അംഗീകരിച്ച സര്‍വ്വെ പ്ലാനിന് പകരം തിരുത്തിയ പ്ലാനുകള്‍ ഉപയോഗിക്കുന്നതായി ആരോപിച്ച് ജനം കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. 1990 പ്ലാന്‍ അനുസരിച്ച് അതിര്‍ത്തി കല്ല് സ്ഥാപിച്ചിരുന്നിടത്ത് വിപരീതമായി റോഡിന്റെ അതിര്‍ത്തി നിശ്ചയിച്ച് കല്ലിട്ടിട്ടുള്ളതെന്നും പുറംപോക്ക് കയ്യേറിയവരെ സഹായിക്കുന്ന തരത്തിലാണ് പുതിയ അളവുകളെന്നും പരാതി ഉയര്‍ന്നിരിക്കുകയാണ്.  റോഡുവിള, താന്നിമൂട്, കരിങ്ങന്നൂര്‍, ഏഴാംകുറ്റി, ഓയൂര്‍,ചുങ്കത്തറ, പയ്യക്കോട്, തിരിച്ചന്‍കാവ്, കുരിശുംമൂട് തുടങ്ങിയ സ്ഥലങ്ങളില്‍ അതിര്‍ത്തി കല്ലുകളില്‍ മാറ്റം വന്നിരിക്കുകയാണ്. റവന്യു സര്‍വ്വെ പ്ലാനില്‍ പലവിധ തിരിമറികളും നടന്നതായി നാട്ടുകാര്‍ക്ക് സംശയമുണ്ട്. സര്‍വ്വെയില്‍ പരാതിയും തര്‍ക്കവും പരിഹരിക്കാതെ റോഡിന്റെ പണി ആരംഭിച്ചതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്.

RELATED STORIES

Share it
Top