ക്യാപ്റ്റന്‍ രാജുവിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

കൊച്ചി: നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ നിര്യാണത്തില്‍ താരസംഘടനയായ അമ്മ അനുശോചനം രേഖപ്പെടുത്തി. വില്ലന്‍ വേഷങ്ങള്‍ക്ക് പുതുമാനം നല്‍കിയ കലാകാരനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ നിര്യാണം ചലച്ചിത്ര ലോകത്തിനു വലിയ നഷ്ടമാണ്. അമ്മയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ക്യാപ്റ്റന്‍ രാജു സജീവമായിരുന്നുവെന്നും പ്രസിഡന്റ് മോഹന്‍ലാലും ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
മമ്മൂട്ടി
കൊച്ചി: ആകാരസൗഷ്ഠവവും അഭിനയവും കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച നടനാണ് ക്യാപ്റ്റന്‍ രാജുവെന്നു നടന്‍ മമ്മൂട്ടി പറഞ്ഞു. തൊഴിലിനോട് വളരെ ആത്മാര്‍ഥതയുള്ള ആളായിരുന്നു അദ്ദേഹമെന്നും മമ്മൂട്ടി പറഞ്ഞു.
മോഹന്‍ലാല്‍
കൊച്ചി: ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തിലൂടെ നഷ്ടമായത് ജ്യേഷ്ഠ സഹോദരനു തുല്യനായ ഒരാളെയാണെന്നു നടന്‍ മോഹന്‍ലാല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ഏറെ സങ്കടമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ഇന്നസെന്റ്
കൊച്ചി: ഒരു മനുഷ്യസ്‌നേഹിയെയും നല്ല വ്യക്തിത്വത്തിന്റെ ഉടമയെയുമാണ് ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തിലൂടെ മലയാള സിനിമയ്ക്കു നഷ്ടമായതെന്നു നടന്‍ ഇന്നസെന്റ് എംപി പറഞ്ഞു. അടുക്കും ചിട്ടയുമുള്ള സിനിമാ നടനാണ് അദ്ദേഹമെന്നും ഇന്നസെന്റ് പറഞ്ഞു.
ബി ഉണ്ണികൃഷ്ണന്‍
കൊച്ചി: നടന്‍ ക്യാപ്റ്റന്‍ രാജുവിനെ മലയാള സിനിമ പൂര്‍ണമായും പ്രയോജനപ്പെടുത്തിയിട്ടില്ലെന്നു സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഏറെ അഭിനയശേഷിയുള്ള പ്രതിഭയായിരുന്നു നമ്മെ വിട്ടുപിരിഞ്ഞ ക്യാപ്റ്റന്‍ രാജുവെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
ഹരിഹരന്‍
കൊച്ചി: വന്ന വഴികളെല്ലാം നന്ദിപൂര്‍വം സ്മരിക്കുന്ന വ്യക്തിത്വമായിരുന്നു ക്യാപ്റ്റന്‍ രാജുവെന്നു സംവിധായകന്‍ ഹരിഹരന്‍ അനുസ്മരിച്ചു. നടന്‍ എന്നതിലുപരി നല്ല വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹമെന്നും ഹരിഹരന്‍ പറഞ്ഞു.
എ കെ ബാലന്‍
തിരുവനന്തപുരം: കൂടെയുള്ള സൂപ്പര്‍ താരങ്ങളെപ്പോലും നിഷ്പ്രഭരാക്കി സ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കാറുള്ള ക്യാപ്റ്റന്‍ രാജുവിന്റെ ഭാവാഭിനയം സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നതാണെന്നു മന്ത്രി എ കെ ബാലന്‍ പറഞ്ഞു. സ്വഭാവനടനായും വില്ലനായും മാത്രമല്ല, ഹാസ്യനടനായും ആസ്വാദക മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ക്യാപ്റ്റന്‍ രാജുവിന്റെ ദേഹവിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും മന്ത്രി പറഞ്ഞു.
രമേശ് ചെന്നിത്തല
തിരുവനന്തപുരം: ക്യാപ്റ്റന്‍ രാജുവിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. ക്യാപ്റ്റന്‍ രാജുവിന്റെ നിര്യാണത്തോടെ മലയാള സിനിമയിലെ തലപ്പൊക്കമുള്ള ഒരു നടന്‍ കൂടി ഇല്ലാതാവുകയാണെന്നു ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്‍
തിരുവനന്തപുരം: വില്ലന്‍ വേഷങ്ങളിലും സ്വഭാവ റോളുകളിലും ഒരുപോലെ തിളങ്ങിയ അതുല്യ നടനായിരുന്നു ക്യാപ്റ്റന്‍ രാജുവെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. രാജുവിന്റെ വേര്‍പാടില്‍ അഗാധമായ ദുഃഖവും അനുശോചനവും കോടിയേരി രേഖപ്പെടുത്തി.
അഡ്വ. പി എസ് ശ്രീധരന്‍പിള്ള
തിരുവനന്തപുരം: ക്യാപ്റ്റന്‍ രാജുവിന്റെ നിര്യാണത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍പിള്ള അനുശോചിച്ചു. മലയാള സിനിമയിലെ 'ചിരിപ്പിക്കുന്ന വില്ലന്‍' എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടമാണെന്ന് അഡ്വ. പി എസ് ശ്രീധരന്‍പിള്ള അനുശോചന സന്ദേശത്തില്‍ പറഞ്ഞു.RELATED STORIES

Share it
Top