ക്യാപ്റ്റന്‍ രാജുവിനെ കലാകേരളം യാത്രയാക്കി

പത്തനംതിട്ട: വില്ലന്‍ വേഷങ്ങള്‍ക്ക് പുത്തന്‍ ഭാവഭേദങ്ങള്‍ നല്‍കിയ ചലച്ചിത്രതാരം ക്യാപ്റ്റന്‍ രാജുവിന് കലാകേരളത്തിന്റെ യാത്രാമൊഴി. ഇന്നലെ വൈകീട്ട് നാലരയ്ക്ക് ആയിരങ്ങളുടെ സാന്നിധ്യത്തില്‍ ഔദ്യോഗിക ബഹുമതികളോടെ പത്തനംതിട്ടപുത്തന്‍പീടിക വടക്ക് സെന്റ്‌മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിച്ചു.
ഉച്ചയ്ക്ക് ഒന്നരയോടെ എറണാകുളത്തുനിന്നു വിലാപയാത്രയായി പത്തനംതിട്ടയില്‍ മൃതദേഹം കൊണ്ടുവരുമ്പോള്‍ പ്രിയതാരത്തെ അവസാനമായി കാണാന്‍ നൂറുകണക്കിനാളുകളാണു കാത്തുനിന്നത്. പത്തനംതിട്ട ടൗണ്‍ഹാളിനു മുമ്പില്‍ അരമണിക്കൂര്‍ പൊതുദര്‍ശനത്തിനു വച്ചു. തുടര്‍ന്ന് സ്വദേശമായ ഓമല്ലൂരിലേക്ക് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായി മൃതദേഹം എത്തിച്ചു. മൂന്നുവരെ ഓമല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ പൊതുദര്‍ശനത്തിനു വച്ചു. നാടിന്റെ നാനാതുറകളിലുള്ളവര്‍ മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് കുടുംബവീടായ കുര്യന്റയ്യത്ത് വീട്ടില്‍ മൃതദേഹം എത്തിച്ചു. വീട്ടിലെ ചടങ്ങുകള്‍ക്കു ശേഷം നാലരയോടെ പുത്തന്‍പീടിക വടക്ക് സെന്റ്‌മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു.
ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം മെത്രാപോലീത്ത, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ഗീവര്‍ഗീസ് മാര്‍ ക്ലിമ്മീസ് എന്നിവരുടെ കാര്‍മികത്വത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. മന്ത്രി എ കെ ബാലന്‍, ആന്റോ ആന്റണി എംപി, എംഎല്‍എമാരായ വീണാ ജോര്‍ജ്, ചിറ്റയം ഗോപകുമാര്‍, രാജു എബ്രഹാം, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ രാജ്യസഭ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍, മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജ്, ജില്ലാ കലക്ടര്‍ പി ബി നൂഹ്, കെഎസ്എഫ്ഇ ചെയര്‍മാന്‍ പീലിപ്പോസ് തോമസ്, മുന്‍ എംഎല്‍എ കെ സി രാജഗോപാല്‍, എഡിഎം പി ടി എബ്രഹാം, ഗീതാ വിജയന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ലീലാ മോഹന്‍, സിപിഐ ജില്ലാ സെക്രട്ടറി എ പി ജയന്‍, ചലച്ചിത്രതാരങ്ങളായ മധു, മുകേഷ്, ജോണി, കോട്ടയം നസീര്‍ തുടങ്ങിയവര്‍ മൃതദേഹത്തില്‍ അന്ത്യോപചാരമര്‍പ്പിച്ചു.

RELATED STORIES

Share it
Top