ക്യാംപ് ഫോളോവേഴ്‌സ് നേരിടുന്ന ചൂഷണം പൊതുവിഷയം

കൊച്ചി: പോലിസിലെ ക്യാംപ് ഫോളോവേഴ്‌സ് നേരിടുന്ന ചൂഷണം പൊതുവിഷയമാണെന്ന് ഹൈക്കോടതി വാക്കാല്‍ നിരീക്ഷിച്ചു. ഈ പ്രശ്‌നം തീര്‍ക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് ഒരു മാസത്തിനകം അറിയിക്കണമെന്ന് ആക്ടിങ് ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
ക്യാംപ് ഫോളോവേഴ്‌സ് നേരിടുന്ന ചൂഷണവും ഔദ്യോഗിക വാഹനങ്ങളുടെ ദുരുപയോഗവും അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ തിരുവനന്തപുരം ജില്ലാ ജഡ്ജിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ പി ഡി ജോസഫ് സമര്‍പ്പിച്ച ഹരജിയിലാണ് നിര്‍ദേശം.  വിഷയത്തില്‍ മുഖ്യമന്ത്രി പ്രസ്താവന ഇറക്കിയിരുന്നു. പൊതുതാല്‍പര്യ ഹരജിയില്ലാതെത്തന്നെ സര്‍ക്കാരിനു നടപടി സ്വീകരിക്കാവുന്നതാണെന്നും കോടതി പറഞ്ഞു. ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ സംഘടന ഈ വിഷയത്തില്‍ ഇടപെട്ടതായി ഹരജിക്കാരന്‍ ആരോപിച്ചു. സര്‍ക്കാരാണ് ഏതു പോലിസ് സംഘടനയേക്കാളും മുകളിലെന്ന് കോടതി ഇതിനു മറുപടി നല്‍കി. കേരളം മാറിമാറി ഭരിക്കുന്ന പാര്‍ട്ടികള്‍ക്ക് സ്വന്തമായി പോലിസ് സംഘടനകളുണ്ടെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.
ഇന്നത്തെ പ്രതിപക്ഷം നാളെ ഭരണകക്ഷിയായാലും ഇന്നത്തെ ഭരണകക്ഷി നാളത്തെ പ്രതിപക്ഷമായാലും സര്‍ക്കാര്‍ തുടര്‍ച്ചയാണെന്നും ഇത്തരം വാദങ്ങള്‍ പ്രസക്തമല്ലെന്നും കോടതി പറഞ്ഞു. സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുതുടങ്ങിയതായി സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഗവാസ്‌കര്‍ എന്ന പോലിസുകാരന്റെ പരാതിയില്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഗവാസ്‌കര്‍ മുഖ്യമന്ത്രിയെ നേരിട്ടു കാണുകയും ചെയ്തു. ആര്‍ക്കെങ്കിലും പരാതികളുണ്ടെങ്കില്‍ അത് സര്‍ക്കാരില്‍ സമര്‍പ്പിക്കാവുന്നതാണ്. ക്യാംപ് ഫോളോവേഴ്‌സിന്റെ വിന്യാസം സംബന്ധിച്ച കാര്യം സജീവ പരിഗണനയിലുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
തുടര്‍ന്നാണ് ഇത് ഒരു പൊതുവിഷയമാണെന്ന് വ്യക്തമാക്കിയ കോടതി, നടപടികള്‍ സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.

RELATED STORIES

Share it
Top