ക്യാംപുകളില്‍ നിന്ന് ആളുകള്‍ മടങ്ങിത്തുടങ്ങി

ചങ്ങനാശ്ശേരി: മഴയ്ക്കു ശമനവും ഒപ്പം വീടുകളില്‍ നിന്നും റോഡില്‍ നിന്നുമുള്ള വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ചങ്ങനാശ്ശേരിയുടെ വിവിധ ക്യാംപുകളില്‍ കഴിഞ്ഞവര്‍ തങ്ങളുടെ വീടുകളിലേക്കു മടങ്ങിത്തുടങ്ങി. ഇതിനോടകം ആറു ക്യാംപുകളിലെ ആളുകള്‍ മടങ്ങിയിട്ടുണ്ട്.
ഇനിയുള്ള ദിവസങ്ങളില്‍ മറ്റുള്ളവരും ക്യാംപുകള്‍ ഒഴിയും. എന്നാല്‍ ജനജീവിതം സാധാരണഗതിയിലാകാന്‍ ഇനിയും ദിവസങ്ങളെടുക്കും. വാഴപ്പള്ളി കിഴക്ക്, ചെത്തിപ്പുഴയിലെ രണ്ട് ക്യാംപ്, കുറിച്ചി രണ്ട്, ചങ്ങനാശ്ശേരി നഗരത്തിലെ ഒരു ക്യാംപ് തുടങ്ങി ആറു ക്യാംപുകളാണ് ഇന്നലെ ഒഴിഞ്ഞത്. ഇനി 29 ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മനയ്ക്കച്ചിറ, ആവണി, പൂവം, പറാല്‍, വെട്ടിതുരുത്ത്, വാഴപ്പള്ളി, പായിപ്പാട്, കുറിച്ചി പഞ്ചായത്തുകളിലുമാണു വെള്ളം നല്ലരീതിയില്‍ ഇറങ്ങിത്തുടങ്ങിയത്.
എന്നാല്‍ പുത്തനാറ്റിലെ ജലനിരപ്പ് വലിയ രീതിയില്‍ താഴാത്തത് മൂലം എസി റോഡിലും ഇതിനോട് ചേര്‍ന്നുള്ള പടിഞ്ഞാറന്‍ മേഖലയായ നക്രാല്‍, മൂലേ പുതുവേല്‍, കോമംങ്കേരിച്ചിറ, എസി കോളനി, തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് വിവിധ ക്യാംപുകളിലെത്തിയവര്‍ക്കു മടങ്ങിപ്പോവാന്‍ കഴിയുന്നില്ല. ഇവിടങ്ങളില്‍ വീടുകളില്‍ നിന്ന് വെള്ളം ഇറങ്ങിയെങ്കിലും പുരയിടത്തിലും മുറ്റത്തും ഇടവഴികളിലും വെള്ളം കെട്ടിക്കിടക്കുന്നതിനാലാണ് ഇവര്‍ക്കു വീടുകളിലേക്കു മടങ്ങാന്‍ കഴിയാത്തത്.
കഴിഞ്ഞ ഒരാഴ്ചയായി ചങ്ങനാശ്ശേരിയില്‍ നിന്ന് ആലപ്പുഴയിലേക്ക് സര്‍വീസ് നിര്‍ത്തിവച്ച കെഎസ്ആര്‍ടിസി ഇന്നലെ ഭാഗീകമായി സര്‍വീസ് നടത്തി. മക്കച്ചിറ, മങ്കൊമ്പ്, കിടങ്ങറ തുടങ്ങിയ ഭാഗങ്ങളില്‍ വലിയ തോതില്‍ വെള്ളം കെട്ടി കിടക്കുന്നതുമൂലം അവയും ഒഴുകി മാറിയതുനുശേഷമാകും സര്‍വീസുകള്‍ പുനരാരംഭിക്കുക.

RELATED STORIES

Share it
Top