കോഹ്‌ലി മികച്ച താരം, പക്ഷേ എനിക്ക് മുന്നില്‍ പരാജയം: ജുനൈദ് ഖാന്‍ലണ്ടന്‍: ഇന്ത്യ- പാകിസ്താന്‍ ക്രിക്കറ്റ് പോരിന് വീണ്ടും കളമൊരുങ്ങുമ്പോള്‍ കളിക്കളത്തിന് പുറത്ത് വാഗ്വാദങ്ങള്‍ ചൂടുപിടിക്കുന്നു. പാകിസ്താന്‍ ഫാസ്റ്റ് ബൗളര്‍ ജുനൈദ് ഖാന്‍ പുതിയ പ്രസ്താവനയുമായി ഇന്ത്യന്‍ നായകനെ ചൊടിപ്പിച്ച് രംഗത്തെത്തി. വിരാട് കോഹ്‌ലി മികച്ച താരമാണെങ്കിലും എനിക്ക് മുന്നില്‍ വെറും പരാജയം മാത്രമാണെന്ന് ജുനൈദ് പറഞ്ഞത് പുതിയ വിവാദത്തിന് വഴിവച്ചിരിക്കുകയാണ്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജുനൈദ് കോഹ്‌ലിയെക്കുറിച്ച് ഇങ്ങനെ പരാമര്‍ശിച്ചത്. ചരിത്രം പരിശോധിക്കുമ്പോള്‍ വിരാട് കോഹ് ലിയ്‌ക്കെതിര ജുനൈദ് ഖാന് ആധിപത്യം അവകാശപ്പെടാം. നാല് തവണ കോഹ്‌ലിക്കെതിരേ കളിച്ചപ്പോള്‍ മൂന്ന് തവണയും കോഹ്‌ലിയുടെ വിക്കറ്റ് ജുനൈദ് ഖാന്‍ വീഴ്ത്തിയിരുന്നു. 22 പന്തെറിഞ്ഞ ജുനൈദ് വഴങ്ങിയത് വെറും രണ്ട് റണ്‍സ് മാത്രമാണ്. മാനസികമായി തനിക്ക് മുന്‍തൂക്കമുണ്ട്. തന്റെ ബൗളിങിനെ കോഹ്‌ലി ഭയക്കുന്നു. ഇത് വീണ്ടും കോഹ് ലിയുടെ വിക്കറ്റെടുക്കാന്‍ പ്രചോദനമാവുമെന്നും ജുനൈദ് ഖാന്‍ അഭിപ്രായപ്പെട്ടു. ചാംപ്യന്‍സ് ട്രോഫിയില്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ സന്നാഹ മല്‍സരത്തില്‍ ജയിച്ച ഇന്ത്യ മികച്ച ആത്മവിശ്വാസത്തിലാണ്. അതേ സമയം പാകിസ്താന്‍ ആദ്യ സന്നാഹ മല്‍സരത്തില്‍ ബംഗ്ലാദേശിനേയും പരാജയപ്പെടുത്തിയിരുന്നു.

RELATED STORIES

Share it
Top