കോഹ്‌ലിപ്പടയ്ക്കും രക്ഷയില്ല, കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം


കേപ്ടൗണ്‍: വിജയങ്ങളുടെ പരമോന്നതിയില്‍ നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് വണ്ടികയറിയ ഇന്ത്യന്‍ നിരയ്ക്ക് ആദ്യ മല്‍സരത്തില്‍ തന്നെ പ്രഹരം. ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മല്‍സരത്തില്‍ 72 റണ്‍സിനാണ് ഇന്ത്യയെ ആതിഥേയരായ ദക്ഷിണാഫ്രിക്ക വീഴ്ത്തിയത്. 208 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റിങിനിറങ്ങിയ ഇന്ത്യ 42.4 ഓവറില്‍ 135 റണ്‍സിന് കൂടാരം കയറുകയായിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ വെര്‍ണോന്‍ ഫിലാണ്ടറുടെ ബൗളിങാണ് ഇന്ത്യയെ തകര്‍ത്തത്. മോണി മോര്‍ക്കലും കഗിസോ റബദയും രണ്ട് വിക്കറ്റുകള്‍ വീതവും സ്വന്തമാക്കി. നേരത്തെ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്‌സ് 130 റണ്‍സില്‍ അവസാനിച്ചിരുന്നു.
ദക്ഷിണാഫ്രിക്കയെ ചെറിയ സ്‌കോറിലേക്കെറിഞ്ഞിട്ട് വിജയ പ്രതീക്ഷകളോടെ ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം തന്നെയാണ് ഓപണര്‍മാരായ ശിഖര്‍ ധവാനും (16) മുരളി വിജയിയും ചേര്‍ന്ന് (13) ഇന്ത്യക്ക് സമ്മാനിച്ചത്. ഇരുവരും ശ്രദ്ധയോടെ ബാറ്റുവീശിയതോടെ ഇന്ത്യന്‍ ക്യാംപില്‍ പുഞ്ചിരി വിടര്‍ന്നു. എന്നാല്‍ സ്‌കോര്‍ബോര്‍ഡില്‍ 30 റണ്‍സെത്തിയപ്പോഴേക്കും ധവനെ ഇന്ത്യക്ക് നഷ്ടമായി. മോണി മോര്‍ക്കലിന്റെ ബൗണ്‍സറില്‍ അനാവശ്യമായി ബാറ്റുവച്ച ധവാന്‍ ക്രിസ് മോറിസിന് ക്യാച്ച് സമ്മാനിച്ചാണ് മടങ്ങിയത്. തൊട്ടുപിന്നാലെ തന്നെ വിജയിയെ ഫിലാണ്ടറും ഗാലറിയിലേക്ക് മടങ്ങി. മൂന്നാം വിക്കറ്റില്‍ ഇന്ത്യയുടെ കരുത്തുറ്റ താരങ്ങളായ വിരാട് കോഹ്‌ലിയും (28) ചേതേശ്വര്‍ പുജാരയും (4) ചേര്‍ന്ന് നേരിയ ചെറുത്ത് നില്‍പ്പിന് ശ്രമിച്ചെങ്കിലും പുജാരയെ മടക്കി മോര്‍ക്കല്‍ വീണ്ടും ഇന്ത്യയെ ഞെട്ടിച്ചു. പുജാര പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് മൂന്ന് വിക്കറ്റിന് 39 റണ്‍സെന്ന നിലയിലായിരുന്നു. നാലാം വിക്കറ്റില്‍ ഒത്തുകൂടിയ രോഹിത് ശര്‍മയും (10) കോഹ് ലിയും കൂടി വീണ്ടും ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ഫിലാണ്ടര്‍ വീണ്ടും ഇന്ത്യയുടെ അന്തകനായി. മികച്ച രീതിയില്‍ ബാറ്റുവീശുകയായിരുന്ന കോഹ്‌ലിയെ ഫിലാണ്ടര്‍ എല്‍ബിയില്‍ കുരുക്കുകയായിരുന്നു. അധികം വൈകാതെ രോഹിതിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് ഫിലാണ്ടര്‍ വീണ്ടും കരുത്തുകാട്ടിയതോടെ ഇന്ത്യ വന്‍ തകര്‍ച്ചയെ മുന്നില്‍ക്കണ്ടു. ആദ്യ ഇന്നിങ്‌സില്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ചറി നേടിയ ഹര്‍ദിക് പാണ്ഡ്യയെ (1) നിലയുറപ്പിക്കും മുമ്പേ റബാദ മടക്കിയതോടെ ഇന്ത്യന്‍ ടീമിന്റെ വിധി എഴുതപ്പെട്ടു. രണ്ട് ബൗണ്ടറികള്‍ പറത്തി ഭേദപ്പെട്ട് തുങ്ങിയ സാഹക്കും (8) മികച്ച സ്‌കോറിലേക്കുയരാനായില്ല. എട്ടാം വിക്കറ്റില്‍ രവിചന്ദ്ര അശ്വിനും (37) ഭുവനേശ്വര്‍ കുമാറും (13) ചേര്‍ന്ന്് അപ്രതീക്ഷിത കൂട്ടുകെട്ട് കാഴ്ചവച്ച് ഇന്ത്യക്ക് ആശ്വാസം പകര്‍ന്നു. മികച്ച ഷോട്ടുകളുമായി മുന്നേറിയ ഇരുവരും എട്ടാം വിക്കറ്റില്‍ 49 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇരുവരും ഇന്ത്യയുടെ രക്ഷകരാവുമെന്ന് തോന്നിക്കവെ ഫിലാണ്ടര്‍ വീണ്ടും ദക്ഷിണാഫ്രിക്കയുടെ രക്ഷക്കെത്തി. ക്വിന്റന്‍ ഡി കോക്കിന് ക്യാച്ച് സമ്മാനിച്ചാണ് അശ്വിന്റെ മടക്കം. മുഹമ്മദ് ഷമിയും (4) ജസ്പ്രീത് ബൂംറയും (0) വന്നതുപോലെ മടങ്ങിയതോടെ ഇന്ത്യയുടെ പോരാട്ടം വിജയ ലക്ഷ്യത്തിനും 72 റണ്‍സ് അകലെ അവസാനിച്ചു.
നേരത്തെ നാലാം ദിനം രണ്ട് വിക്കറ്റിന് 65 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബൂംറയുടെയും മുഹമ്മദ് ഷമിയുടെയും ബൗളിങാണ് 130 റണ്‍സില്‍ ഒതുക്കിയത്. ഭുവനേശ്വറും ഹര്‍ദികും രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി. 35 റണ്‍സെടുത്ത എബി ഡിവില്ലിയേഴ്‌സാണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ ടോപ് സ്‌കോറര്‍. ജയത്തോടെ മൂന്ന് മല്‍സര പരമ്പരയില്‍ 1-0ന് ദക്ഷിണാഫ്രിക്ക മുന്നിലെത്തി. വെര്‍ണോന്‍ ഫിലാണ്ടറാണ് കളിയിലെ താരം.

RELATED STORIES

Share it
Top