കോസ്റ്റ് ഗാര്‍ഡ് അക്കാദമി: അവകാശവാദവുമായി സര്‍ക്കാര്‍

കണ്ണൂര്‍: ഇരിണാവില്‍ തറക്കല്ലിട്ട രാജ്യത്തെ ആദ്യത്തെ കോസ്റ്റ് ഗാര്‍ഡ് അക്കാദമി മംഗളൂരുവിലെ ബൈക്കംപാടിയിലേക്ക് മാറ്റാനുള്ള നീക്കം ശക്തമായിരിക്കെ ഇതിനെതിരേ ശക്തമായ ഇടപെടല്‍ നടത്തിയെന്ന അവകാശവാദവുമായി സര്‍ക്കാര്‍.
ഇതുസംബന്ധിച്ച് നിയമസഭയില്‍ ടി വി രാജേഷ് എംഎല്‍എയുടെ സബ്മിഷന് മുഖ്യമന്ത്രി വിശദീകരണം നല്‍കി. കേന്ദ്രസര്‍ക്കാര്‍ 2009ല്‍ കേരളത്തില്‍ ഒരു കോസ്റ്റ് ഗാര്‍ഡ് അക്കാദമി സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി ഇരിണാവിലെ 164 ഏക്കര്‍ സ്ഥലം കൈമാറുകയും 2011 മെയ് 28ന് കേന്ദ്ര പ്രതിരോധ മന്ത്രി തറക്കല്ലിടുകയും ചെയ്തു. കോസ്റ്റ് ഗാര്‍ഡ് 65.56 കോടി രൂപ ഇതിനകം ചെലവാക്കിയിട്ടുണ്ട്. എന്നാല്‍, കണ്ടല്‍വനങ്ങള്‍ യഥേഷ്ടമുള്ള പ്രദേശമായതിനാല്‍ നിര്‍മാണപ്രവൃത്തികള്‍ക്ക് വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണം. ഇതിനായി കേരള കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റി കോസ്റ്റ് ഗാര്‍ഡിന് അനുകൂലമായ ശുപാര്‍ശ നല്‍കിയിരുന്നു.
ഇതുപ്രകാരം വനം-പരിസ്ഥിതി മന്ത്രാലയത്തിന് ശുപാര്‍ശ കൈമാറിയെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. കോസ്റ്റ്ഗാര്‍ഡ് അക്കാദമി കര്‍ണാടകയിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനുവരി ആറിന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇരിണാവില്‍ ഉടന്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതുള്‍പ്പെടെ ശക്തമായ ഇടപെടലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. അതേസമയം, പദ്ധതിക്ക് അനുമതി ലഭിക്കുമെന്നു പ്രതീക്ഷയില്ലെന്നും പദ്ധതി കേരളത്തിനു നഷ്ടപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായെന്നുമാണ് കോസ്റ്റ്ഗാര്‍ഡ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

RELATED STORIES

Share it
Top