കോഴ വാങ്ങിയ കേസ് ; ഉദ്യോഗസ്ഥര്‍ക്ക് അഞ്ച് വര്‍ഷം തടവ്

മുംബൈ: 1.7 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ ആദായനികുതി അഡീഷനല്‍ കമ്മീഷണറെയും ആദായനികുതി അസിസ്റ്റന്റ് കമ്മീഷണറെയും പ്രത്യേക സിബിഐ കോടതി അഞ്ചുവര്‍ഷം തടവിനു ശിക്ഷിച്ചു. അഡീഷനല്‍ കമ്മീഷണര്‍ സുമിത്രാ ബാനര്‍ജി, അസിസ്റ്റന്റ് കമ്മീഷണര്‍ അഞ്ജലി ബാംബോല്‍  എന്നിവരെയാണ് അഞ്ചുവര്‍ഷം തടവിന് ശിക്ഷിച്ചത്. സുമിത്രാ ബാനര്‍ജിയുടെ ഭര്‍ത്താവ് സുബ്രതോയെ നാലുവര്‍ഷം തടവിനും ശിക്ഷിച്ചു. താനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെട്ടിടനിര്‍മാതാവില്‍ നിന്ന് 1.7 കോടി രൂപ  ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടുവെന്നാണ് കേസ്.
ഇതിന്റെ ഭാഗമായി കെട്ടിട നിര്‍മാതാവില്‍ നിന്ന് 1.50 കോടി സ്വീകരിക്കുമ്പോഴാണു സുബ്രതോയെ സിബിഐ അറസ്റ്റ് ചെയ്തത്.
സുമിത്രാ ബാനര്‍ജി 80 ലക്ഷം രൂപയും ഭര്‍ത്താവിന് 30 ലക്ഷം രൂപയും ബോംബിലിന് 40 ലക്ഷം രൂപയും പ്രത്യേക സിബിഐ ജഡ്ജി വിവേക് ഖത്താറെ പിഴ വിധിച്ചു. റാം ഡവലപ്പേഴ്‌സ് എന്ന സ്ഥാപനത്തിന്റെ നികുതി ബാധ്യത കുറയ്ക്കുന്നതിനു താനെ ആദായനികുതി ഉദ്യോഗസ്ഥര്‍ അതിന്റെ ഉടമസ്ഥനോട് കോഴ ആവശ്യപ്പെട്ടുവെന്നാണ് കേസ്.
2010 മാര്‍ച്ച് 24ന് സുമിത്രാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ സ്ഥാപനത്തില്‍ സര്‍വേ നടത്തിയിരുന്നു. സ്ഥാപനത്തിന് 25 കോടി രൂപയുടെ നികുതി ബാധ്യത ഉണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. റെയ്ഡ് നടത്താതിരിക്കുന്നതിനു രണ്ടു കോടി കോഴ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കോഴപ്പണം 1.70 കോടിയായി പിന്നീട് കുറച്ചു. പണം തന്നില്ലെങ്കില്‍ റെയ്ഡ് നടത്തുമെന്ന് സ്ഥാപനത്തിന്റെ ഉടമ കെട്ടിട നിര്‍മാതാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
എന്നാല്‍ കെട്ടിട നിര്‍മാതാവ് സിബിഐക്ക് പരാതി നല്‍കി. സിബിഐ ഒരുക്കിയ കെണിയില്‍ ഉദ്യോഗസ്ഥര്‍ വീഴുകയായിരുന്നു.
മൂന്നുപേരെയും സിബിഐ അറസ്റ്റ് ചെയ്തു. പ്രതികള്‍ ഇപ്പോള്‍ ജാമ്യത്തില്‍ പുറത്താണ്.

RELATED STORIES

Share it
Top