കോഴിലോറി തടഞ്ഞ് കൊള്ളയടിച്ച കേസില്‍ ഡ്രൈവര്‍ അറസ്റ്റില്‍

മുള്ളേരിയ: ആദൂര്‍ കുണ്ടാറില്‍ കോഴി ലോറി തടഞ്ഞുനിര്‍ത്തി ഒന്നരലക്ഷം രൂപയും രണ്ട് മൊബൈല്‍ ഫോണുകളും കൊള്ളയടിച്ചുവെന്ന കേസില്‍ ഡ്രൈവര്‍ അറസ്റ്റില്‍. കോഴി ലോറി ഡ്രൈവര്‍ കളനാട് സ്വദേശി ഫാറൂഖാ(32)ണ് അറസ്റ്റിലായത്. കഴിഞ്ഞ 23ന് രാത്രിയാണ് സംഭവം.
കോഴി കൊണ്ടുവരാനായി പുത്തൂരിലേക്ക് ലോറിയുമായി പോവുകയായിരുന്ന ഫാറൂഖ്, പൂച്ചക്കാട് സ്വദേശിയായ സഹായി ഹബീബ് എന്നിവരില്‍ നിന്നാണ് പണം കവര്‍ന്നതെന്നാണ് പരാതി. പൂച്ചക്കാട്ടെ കെഎം ചിക്കന്‍ സെന്റര്‍ ഉടമ കെ എം മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി. കേസിലെ മുഖ്യപ്രതിയായ ഡ്രൈവര്‍ ഫാറൂഖ് അറസ്റ്റിലായതോടെയാണ് ലോറി തടഞ്ഞുനിര്‍ത്തി ഒന്നരലക്ഷം രൂപ കൊള്ളയടിച്ച കേസില്‍ നടന്ന ഗൂഢാലോചന പുറത്തുവന്നത്. ഡ്രൈവറുടെ ഒത്താശയോടെ പണം തട്ടിയെടുക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. നേരത്തെ പറഞ്ഞുറപ്പിച്ച പ്രകാരമാണ് മറ്റുള്ളവര്‍ കുണ്ടാറിനടുത്തെത്തി പണം തട്ടിയത്. നിരവധി കേസുകളില്‍ പ്രതിയായ തളങ്കര സ്വദേശിയെ ഒരുമാസം മുമ്പ് കാസര്‍കോട് വച്ച് ഫാറൂഖ് പരിചയപ്പെട്ടിരുന്നു. ഇതിന് ശേഷം ഇരുവരും ബന്ധപ്പെടുകയും പണം തട്ടാന്‍ പദ്ധതി ആവിഷ്‌ക്കരിക്കുകയുമായിരുന്നു. ഫാറൂഖ് ലോറിയും പണവുമായി പൂത്തൂരിലേക്ക് പോകുന്ന വിവരം സംഘത്തിന് കൈമാറുകയായിരുന്നു. കേസില്‍ മൂന്നുപേരെ കൂടി പിടികിട്ടാനുണ്ടെന്ന് പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top