കോഴിയിറച്ചിക്ക് വില കുതിക്കുന്നു; കിലോഗ്രാമിന് 135 രൂപ

കാസര്‍കോട്്: കോഴിയിറച്ചി വില കുതിക്കുന്നു. ഇന്നലെ കാസര്‍കോട്ടെ മാര്‍ക്കറ്റില്‍ കിലോഗ്രാമിന് 135 രൂപയാണ് വില. റമദാന്‍ ആരംഭിക്കുന്നതോടെ കോഴിയിറച്ചി വില 150 കടക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ബ്രോയിലര്‍ കോഴികുഞ്ഞുങ്ങള്‍ക്ക് കടുത്ത ക്ഷാമം നേരിട്ടതോടെയാണ് കോഴിയിറച്ചി വില കുത്തിച്ചുയരുന്നത്. തമിഴ്‌നാട് ലോബി കോഴിയിറച്ചിക്ക് തോന്നിയ വില ഈടാക്കാന്‍ തുടങ്ങി.
തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമാണ് ജില്ലയിലേക്ക് കോഴി കൂടുതലായി എത്തുന്നത്. എന്നാല്‍ സീസണ്‍ നോക്കി വില കൂട്ടുന്ന തന്ത്രത്തിന്റെ ഭാഗമാണ് ബ്രോയിലര്‍ കോഴികുഞ്ഞുങ്ങളുടെ ക്ഷാമത്തിന്റെ പേര് പറഞ്ഞ് കോഴിയിറച്ചിക്ക് വിലകൂട്ടുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഏതാനും ദിവസം വരെ 105-110 രൂപയ്ക്ക് കിട്ടിയിരുന്ന കോഴിയിറച്ചിക്കാണ് കിലോഗ്രാമിന് ഒറ്റയടിക്ക് 25ഓളം വില കൂടിയത്. ഒരാഴ്ചക്കിടയില്‍ ശരാശരി 10 രൂപ മുതല്‍ 40 രൂപവരെ വിലക്കയറ്റമുണ്ടായി. തമിഴ്‌നാട്ടില്‍ ഇറച്ചിക്കോഴികുഞ്ഞുങ്ങളുടെ ലഭ്യത കുറഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഉല്‍പാദനത്തില്‍ ഇടിവ് വന്നതാണ് വിലവര്‍ധനക്ക് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ സംസ്ഥാനത്തെ നൂറു കണക്കിന് ഫാമുകളാണ് പൂട്ടിയത്. നഷ്ടത്തിലായ കര്‍ഷകരുടെ ഫാമുകള്‍ വന്‍കിട കമ്പനികള്‍ ഏറ്റെടുക്കുകയും ചെയ്തു.
തമിഴ്‌നാട്ടില്‍ ഒരു കോഴികുഞ്ഞിനെ 53 രൂപക്കാണ് കര്‍ഷകര്‍ വാങ്ങുന്നത്. 41 ദിവസം പ്രായമാകുമ്പോഴേക്കും ഇതിന്റെ ഇരട്ടിചലവ് വരും. കോഴിയെ വളര്‍ത്താന്‍ ചെലവായ തുക പോലും വില്‍ക്കുമ്പോള്‍ ലഭിക്കുന്നില്ലെന്നാണ് ചെറുകിട കര്‍ഷകര്‍ പറയുന്നത്.

RELATED STORIES

Share it
Top