കോഴിമാലിന്യം നീക്കിയില്ല; നാട്ടുകാര്‍ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു

ചിറ്റൂര്‍: അഞ്ചംമൈലിലെ മണല്‍ത്തോടില്‍ കുഴിച്ചുമൂടിയ കോഴിമാലിന്യം നീക്കം ചെയ്യാമെന്ന കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തിന്റെയും പോലിസ് ഉദ്യോഗസ്ഥരുടെയും ഉറപ്പ് ലംഘിക്കപെട്ടതില്‍ പ്രതിഷേധിച്ച് അഞ്ചാംമൈല്‍, മണല്‍ത്തോട്, കുന്നംകാട്ടുപതി, അയ്യാവുചള്ള, കൂളകൗണ്ടന്‍ചള്ള, തുടങ്ങിയ സ്ഥലങ്ങളിലെ സ്ത്രീകളുള്‍പ്പെടെയുള്ള നൂറോളം  പേര്‍ പ്രതിഷേധവുമായി പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സമാഹരിക്കുന്ന കോഴി മാലിന്യങ്ങള്‍ അഞ്ചാംമൈല്‍ മണല്‍ത്തോടിലുള്ള  സ്വകാര്യ വ്യക്തിയുടെ തെങ്ങിന്‍തോപ്പില്‍ രാത്രി സമയങ്ങളില്‍ വ്യാപകമായി കഴിച്ചുമൂടിയതിനെ തുടര്‍ന്ന് പരിസരം മുഴുവന്‍ ദുര്‍ഗന്ധം പരന്നിരുന്നു. ഇതേ തുടര്‍ന്ന് സമീപ വീടുകളില്‍ താമസിക്കുന്നവര്‍ പരാതിയുമായി കൊഴിഞ്ഞാമ്പാറ ഗ്രാമ പഞ്ചായത്ത് ഓഫിസിലും ചിറ്റൂര്‍ പോലിസ് സ്‌റ്റേഷനിലും എത്തുകയും പരിഹാരമാവശ്യപ്പെട്ട് അഞ്ചാംമൈല്‍ റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് പത്ത് ദിവസത്തിനകം മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യാമെന്നും ഉറപ്പു നല്‍കി. എന്നാല്‍ നിശ്ചിത തിയതി അവസാനിച്ചിട്ടും മാലിന്യനീക്കം ആരംഭിക്കുക പോലും ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചത്. ഉച്ചക്ക് 12മണിയോടു കൂടി സ്ഥലത്തെത്തിയ ഡിവൈഎസ്പി ഡി വിജയകുമാര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി ഹംസ, എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് ഉദ്യേഗസ്ഥരും ദൂരേഖ തഹസില്‍ദാര്‍ വി ബാലകൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ കെ ബബിത തുടങ്ങിയവര്‍ കെ എസ് തണികാചലം, എ കെ ഓമനക്കുട്ടന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സമരക്കാരുമായി സംസാരിക്കുയും സമരക്കാരുടെ ആവശ്യമായ മാലിന്യം മുഴുവന്‍ ഇന്നുതന്നെ തിരിച്ചു കൊണ്ടുപോവുക, തോട്ടമുടമയ്‌ക്കെതിരെ കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങന്‍ അംഗികരിച്ചതിനെ തുടര്‍ന്നാണ് ഉപരോധസമരം അവസാനിപ്പിച്ചത്.

RELATED STORIES

Share it
Top