കോഴിമാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാര്‍ പിടികൂടി

മലപ്പുറം: ഈസ്റ്റ് കോഡൂര്‍ ചാഞ്ഞാലില്‍ കോഴിമാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാര്‍ പിടികൂടി. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. തകരാര്‍ സംഭവിച്ചത് കാരണം നിര്‍ത്തിയിട്ട നിലയിലായിരുന്നു വാഹനം. വാഹനത്തില്‍ നിന്നു മലിനജലം പുറത്തേക്കൊഴുക്കിയത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കി.  റോഡിലൊഴുക്കിയ മാലിന്യം കഴുകികളഞ്ഞ്, വാഹനം നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ഇതോടെ പഞ്ചായത്ത് അധികാരികളും റവന്യൂ ഉദ്യോസ്ഥരും പോലിസും സ്ഥലത്തത്തി മാലിന്യം കഴുകുന്നതിനും വാഹനം മാറ്റുന്നതിനും നടപടി സ്വീകരിച്ചു. ഉച്ചയ്ക്കുശേഷം സ്വകാര്യ വ്യക്തിയുടെ മീനാര്‍ കുഴിയിലുള്ള പറമ്പിലേക്ക് മാറ്റിയ വാഹനം സമീപവാസികള്‍, ഭൂവുടമയുടെ വീട്ടുമുറ്റത്തേക്ക് നീക്കി.
ഭൂവുടമയുടെ മകന്റെ പങ്കാരോപിച്ചാണ് വാഹനം വീട്ടിലേക്ക് മാറ്റിയത്. എന്നാല്‍ അവര്‍ക്ക് ഇതില്‍ ബന്ധമില്ലെന്നും വാഹനം ഉടന്‍ മുറ്റത്തുനിന്നു മാറ്റണമെന്നും വീട്ടുകാര്‍ ഭീഷണി മുഴക്കിയതോടെ  വാഹനം വീണ്ടും റോഡിലെത്തി. ഇതോടെ വീണ്ടും നാട്ടുകാര്‍ റോഡ് ഗതാഗതം തടഞ്ഞു. മലപ്പുറത്ത് നിന്നു പോലിസെത്തി ഗതാഗത തടസം നീക്കാന്‍ ശ്രമിച്ചത് വീണ്ടും പ്രശ്‌നമായി. തുടര്‍ന്ന് പോലിസ് അകമ്പടിയോടെ മാലിന്യവുമായി വന്ന വാഹനം വട്ടപ്പറമ്പ് ഭാഗത്ത് മറ്റൊരു വ്യക്തിയുടെ പറമ്പിലേക്ക് മാറ്റിയാണ് പ്രശ്‌നം പരിഹരിച്ചത്. എന്നാല്‍, പ്രദേശത്ത് കടുത്ത ദുര്‍ഗന്ധമാണുള്ളത്. ഇവിടെയുള്ള കല്ലുവെട്ട് കുഴികളില്‍ മാലിന്യം തള്ളുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

RELATED STORIES

Share it
Top