കോഴിക്കോട് ഹജ്ജ് എംബാര്‍ക്കേഷന്‍ പുനസ്ഥാപിക്കാന്‍ ജനകീയ പ്രക്ഷോഭം

കോഴിക്കോട്: കോഴിക്കോട് ഹജ്ജ് എംബാര്‍ക്കേഷന്‍ പുനസ്ഥാപിച്ചു കിട്ടാന്‍ കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും കേരള ഹജ്ജ് കമ്മിറ്റിയെയും പങ്കെടുപ്പിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാന്‍ കോഴിക്കോട് ചേര്‍ന്ന മലബാര്‍ ഡെവലപ്‌മെന്റ് ഫോറം പ്രത്യേക കണ്‍വന്‍ഷന്‍ തീരുമാനിച്ചു.
2018ല്‍ കരിപ്പൂരില്‍ നിന്ന് ഹജ്ജ് സര്‍വീസ് പുനരാരംഭിക്കുമെന്ന് ഉറപ്പ് പറഞ്ഞ കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി വാക്ക് പാലിക്കണമെന്ന് കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. വൈദ്യുതി കണക്ഷന്‍ ലഭിക്കാത്ത, വിമാനങ്ങള്‍ ട്രയല്‍ റണ്ണിങ് പോലും നടത്താത്ത കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് ഹജ്ജ് എംബാര്‍ക്കേഷന്‍ മാറ്റുമെന്ന് പറയുന്ന കേന്ദ്ര മന്ത്രി ചരിത്രപരമായ വിഡ്ഡിത്തമാണ് വിളമ്പുന്നതെന്ന് കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയാലും രണ്ടുവര്‍ഷത്തിന് ശേഷമെ വിദേശ വിമാന കമ്പനികള്‍ക്ക് അനുമതി നല്‍കൂ എന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ ഉറപ്പ് നിലനില്‍ക്കെ, മന്ത്രിയുടെ പ്രഖ്യാപനം അപക്വവും നീതിക്കു നിരക്കാത്തതുമാണ്. ഇതിന്റെ പിന്നില്‍ മലബാറിനെ ചവിട്ടിതാഴ്ത്താനുള്ള ഗൂഢമായ ലക്ഷ്യമുണ്ടെന്നും കണ്‍വന്‍ഷനില്‍ ആരോപണം ഉയര്‍ന്നു.
കാലിക്കറ്റ് ഹജ്ജ് എംബാര്‍ക്കേഷന്‍ ക്യാംപ് അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരേ ജനപക്ഷം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയതുകൊണ്ട് എം കെ രാഘവന്‍ എംപി പറഞ്ഞു. നെടുമ്പാശ്ശേരിയിലേക്കും കണ്ണൂരിലേക്കും ക്യാംപ് മാറ്റാനുള്ള മന്ത്രിയുടെ പ്രഖ്യാപനം മതേതരകേരളത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്ത്രിയുടെ ഈ നീക്കത്തിന് പിന്നില്‍ കോടികളുടെ അഴിമതിയുണ്ടെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് മൗലവി ആരോപിച്ചു.
ഈ വിഷയവുമായി ബന്ധപ്പെട്ട് കേരള ഹജ്ജ് കമ്മിറ്റി കുമ്മനം രാജശേഖരന്‍ അടക്കമുള്ള കേരളത്തിലെ ബിജെപിയുടെ സമുന്നത നേതാക്കളെ നേരിട്ടു പോയി കണ്ടിരുന്നു. എന്നാല്‍, അതിലൊന്നും കാര്യമായ നടപടികള്‍ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളെയും സാമുദായിക സംഘടനകളെയും അണിനിരത്തി കരിപ്പൂരിന് നീതി ലഭിക്കുന്നത് വരെ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോവുമെന്ന് അദ്ദേഹം പറഞ്ഞു.
ഹജ്ജ്ഹൗസ് അട്ടിമറിക്കുന്നതിലൂടെ സ്വകാര്യ വിമാനത്താവള ലോബികള്‍ക്ക് വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിക്കൊടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം സി മായിന്‍ ഹാജി പറഞ്ഞു. കെ എം ബഷീര്‍ അധ്യക്ഷത വഹിച്ചു. ഡോ. ഹുസയ്ന്‍ മടവൂര്‍, ഐപ്പ് തോമസ്, കെ സി അബ്ദുര്‍റഹ്മാന്‍, ഡോ. കെ മൊയ്തു, മുസ്തഫ കൊമ്മേരി, സി ചാക്കുണ്ണി, മുസ്തഫ, അബ്ദുല്ല, മുത്തുക്കോയ, കെ പി  അബ്ദുല്‍റസാഖ്, നുസ്രത്ത് ജഹാന്‍, ഹാഷിം, ഷെരീഫ്, എസ് പി മുഹമ്മദ്, അരുണ്‍കുമാര്‍, ടി പി എം ഹാഷിര്‍ അലി, മൊയ്തീന്‍ സംസാരിച്ചു.

RELATED STORIES

Share it
Top