കോഴിക്കോട് സൈബര്‍ പാര്‍ക്ക് : ആദ്യകെട്ടിടം നാളെ നാടിന് സമര്‍പ്പിക്കുംകോഴിക്കോട്: സൈബര്‍ പാര്‍ക്കിലെ ആദ്യകെട്ടിട സമുച്ചയം'സഹ്യ'’മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ വൈകീട്ട് മൂന്നിന് സൈബര്‍പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്യും. 2,88,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ അഞ്ചു നിലകളിലായി പണിതുയര്‍ത്തിയിട്ടുള്ള “'സഹ്യ'’ മലബാര്‍ മേഖലയില്‍ സര്‍ക്കാരിന്റെ കീഴില്‍ സ്ഥാപിക്കപ്പെടുന്ന ആദ്യത്തെ ഐടി കെട്ടിട സമുച്ചയമാണ്. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ യുഎല്‍ സൈബ ര്‍ പാര്‍ക്ക് 24 കമ്പനിയുമായി ഇതേ കാംപസില്‍ തന്നെ പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്ന് ഐടി പാര്‍ക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഋഷികേശ് നായര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2,500 ഐടി പ്രഫഷനലുകള്‍ക്കു തൊഴില്‍ ചെയ്യാനുള്ള സൗകര്യമാണു പുതിയ ഐടി കെട്ടിടത്തില്‍ ഒരുങ്ങിയിട്ടുള്ളത്. ബേസ്‌മെന്റ് ഏരിയ പാര്‍ക്കിങിനായി ഒരുക്കിയിരിക്കുന്നു. ഒന്നാംനിലയില്‍ 25 മുതല്‍ 75 വരെ സിറ്റിങ് സൗകര്യമുള്ള ആറ് യൂനിറ്റുകള്‍ പ്രവര്‍ത്തനയോഗ്യമാക്കിയിട്ടുണ്ട്. പാര്‍ക്കിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ഓഫൈറ്റ് ടെക്‌നോളജീസ് പുതിയ കെട്ടിടത്തിലേക്കു മാറി. ഐടി മേഖലയുടെ വികസനത്തിനുവേണ്ട എല്ലാ അടിസ്ഥാന ഭൗതിക സൗകര്യങ്ങളുമുള്ള കോഴിക്കോട് നഗരത്തെ തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക് തുടങ്ങിയവ പോലെ കേരളത്തിന്റെ അടുത്ത ഐടി കേന്ദ്രമായി മാറ്റുകയാണു ലക്ഷ്യമെന്ന് ഋഷികേശ് നായര്‍ പറഞ്ഞു. ആദ്യ ലക്ഷ്യം പുതിയ കെട്ടിടം മുഴുവന്‍ ഉപയോഗയോഗ്യമാക്കി കമ്പനികള്‍ക്കു കൈമാറുക എന്നതാണ്. അസോചാം, ഇന്‍ഡിക്കസ് അനാലിറ്റിക്‌സ് തുടങ്ങിയ സ്ഥാപനങ്ങള്‍ കോഴിക്കോടിനെ വരുമാനം, നിക്ഷേപ സൗഹൃദം, താമസയോഗ്യം തുടങ്ങിയ കാര്യങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന നഗരങ്ങളില്‍ ഒന്നായി കണക്കാക്കിയിട്ടുണ്ട്. മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐഎം, എന്‍ഐടി, ഐഐഎസ്ആര്‍, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി തുടങ്ങിയവിദ്യാഭ്യാസ സ്ഥാപനങ്ങ ള്‍ക്ക്  ഐടി മേഖലയുടെ വളര്‍ച്ചയില്‍ നിര്‍ണായക സാന്നിധ്യമുണ്ട്. ഗള്‍ഫ്, അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യവസായ ബന്ധങ്ങള്‍ ഉള്ള ചെറുകിട കമ്പനികള്‍ ഇപ്പോള്‍ തന്നെ കോഴിക്കോട്ട് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. 40 കമ്പനികളുടെ കൂട്ടായ്മയായ കാലിക്കറ്റ് ഫോറം ഫോര്‍ ഐടി മലബാര്‍ മേഖലയില്‍ ഇപ്പോള്‍ തന്നെ സജീവമാണ്. കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ നിര്‍മാണം കൂടി പൂര്‍ത്തിയാവുമ്പോഴേക്കും മലബാര്‍ ഇന്ത്യയിലെ തന്നെ മികച്ച ഐടി കേന്ദ്രങ്ങളിലൊന്നായി മാറുമെന്നാണു വിലയിരുത്തപ്പെടുന്നത്. മാര്‍ക്കറ്റിങ് ജനറല്‍ മാനേജര്‍ സി നിധീഷ് വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top