കോഴിക്കോട് മെഡിക്കല്‍ കോളജ് അടിയന്തര വികസനത്തിന് 6.38 കോടി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ അടിയന്തര വികസനത്തിനായി 6,37,91,000 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു.  മികവിന്റെ കേന്ദ്രമാക്കി മാറ്റിന്നതിന്റെ ഭാഗമായാണ് മെഡിക്കല്‍ കോളജിനെ ശക്തിപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യുന്നത്.
നിപാ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളജിന്റെ ആവശ്യങ്ങള്‍ ബോധ്യപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് അടിയന്തിരമായി ഭരണാനുമതി നല്‍കിയതെന്നും മന്ത്രി പറഞ്ഞു. സ്തനാര്‍ബുദം വേഗത്തില്‍ കണ്ടുപിടിക്കാനായുള്ള ഡിജിറ്റല്‍ മാമോഗ്രാം മെഷീന് 1.75 കോടി രൂപയാണ് അനുവദിച്ചത്. പ്രസവകാലത്ത് സീടെല്‍ റേഡിയോളജിയുടെ ഭാഗമായി ആന്റിനേറ്റല്‍ സ്‌കാനിങിന് വേണ്ടിയുള്ള ഹൈ എന്റ് 4ഡി അള്‍ട്രാ സൗണ്ട് മെഷീന്‍ 3 എണ്ണം വാങ്ങിക്കുന്നതിന് 1.62 കോടി രൂപ അനുവദിച്ചു.
ഇതിലൂടെ സീടെല്‍ റേഡിയോളജി തുടങ്ങാനാകും. ക്യാന്‍സര്‍ സെന്റര്‍ തുടങ്ങുന്നതിന്റെ ഭാഗമായി 500 എംഎ എക്‌സ്‌റേ മെഷീന്‍ വാങ്ങാനായി 40 ലക്ഷം രൂപ അനുവദിച്ചു. പുതുതായി 2 വെന്റിലേറ്ററുകള്‍ വാങ്ങാനായി 28 ലക്ഷം രൂപ അനുവദിച്ചു. പഴയ 35 വെന്റിലേറ്ററുകള്‍ക്ക് പുറമെ 14 വെന്റിലേറ്ററുകള്‍ എംഎല്‍എമാര്‍ അനുവദിച്ചിരുന്നു. ഇതുകൂടാതെ നിപാ വൈറസ് ബാധ സമയത്ത് 7 വെന്റിലേറ്റര്‍ അനുവദിച്ചിരുന്നു. പുതിയ രണ്ട് വെന്റിലേറ്ററുകള്‍ കൂടി ലഭ്യമാകുന്നതോടെ 58 വെന്റ്‌ലേറ്ററുകളാണ് മെഡിക്കല്‍ കോളജില്‍ ഉണ്ടാകുക. ഇതോടെ മെഡിക്കല്‍ കോളജില്‍ വെന്റിലേറ്റര്‍ സൗകര്യം കൂടുതല്‍ മെച്ചപ്പെടും. മെഡിസിന്‍ വിഭാഗത്തില്‍ വീഡിയോ ലാരിന്‍ഗോസ്‌കോപ്പ് മെഷീനായി 3 ലക്ഷം രൂപയാണ് അനുവദിച്ചത്. അബോധാവസ്ഥയിലുള്ള കുട്ടികള്‍ക്ക് ട്യൂബിടുമ്പോള്‍ അന്നനാളത്തിലേക്ക് കയറാതെ കണ്ട് തന്നെ ചെയ്യാന്‍ കഴിയുന്നു.
വാര്‍ഡിലുള്ള രോഗികള്‍ക്ക് പെട്ടെന്ന് ഹൃദയാഘാതം വരുമ്പോള്‍ അതിനാവശ്യമായ സാമഗ്രികള്‍ സൂക്ഷിച്ച് വയ്ക്കുന്ന ക്രാഷ് കാര്‍ട്ട് വാങ്ങാന്‍ 1.62 ലക്ഷം രൂപ അനുവദിച്ചു. ഗുരുതര രോഗികള്‍ക്ക് അവിടെ വച്ച് തന്നെ അള്‍ട്രാ സൗണ്ട് സ്‌കാനിങ് എടുക്കാന്‍ കഴിയുന്ന പോര്‍ട്ടബിള്‍ അള്‍ട്രാസൗണ്ട് മെഷീന് 8 ലക്ഷവും ശ്വാസകോശ സംബന്ധമായ രോഗികള്‍ക്ക് അവിടെ വച്ച് തന്നെ ബ്രോങ്കോസ്‌കോപി എടുക്കാന്‍ കഴിയുന്ന പോര്‍ട്ടബിള്‍ ബ്രോങ്കോസ്‌കോപിന് 8 ലക്ഷവും വാര്‍ഡില്‍ കഴിയുന്ന ഗുരുതര രോഗികളെ നിരീക്ഷിക്കാനായുള്ള ഇസിജി  മോണിറ്റര്‍ വിത്ത് ഡിഫിബ്രിലേറ്റര്‍ ട്രാന്‍സ്‌ക്യൂട്ടനസ് പേസ് മേക്കറിന് 4 ലക്ഷം രൂപയും അനുവദിച്ചു.
ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തില്‍ സര്‍ജറി സമയത്ത് ഉപയോഗിക്കുന്ന ബാറ്ററി ഓപ്പറേറ്റഡ് പവര്‍ഡ്രില്ലിന് 14.73 ലക്ഷവും ബിപിയും മറ്റും നിരീക്ഷിക്കുന്നതിനുള്ള മള്‍ട്ടി പാരമീറ്റര്‍ മോണിറ്ററിന് 2 ലക്ഷവും ഓപ്പറേഷന്‍ സമയത്ത് അണുവിമുക്തമാക്കുന്നതിനുള്ള ഇടിഒ സ്‌റ്റെറിലൈസറിന് 3 ലക്ഷവും പ്രത്യേക സജ്ജീകരണമുള്ള ഓപ്പറേഷന്‍ ടേബിളിന് 6.94 ലക്ഷം രൂപയും അനുവദിച്ചു. പള്‍മണറി മെഡിസിന്‍ വിഭാഗത്തില്‍ 50 കെഡബ്ലിയുഎം എക്‌സ്‌റേ മെഷീന് 14 ലക്ഷം രൂപയും കമ്പ്യൂട്ടറൈസ്ഡ് റേഡിയോഗ്രാഫി മെഷീനായി 10.54 ലക്ഷവും അനുവദിച്ചിട്ടുണ്ട്.
ഇതുകൂടാതെ റേഡിയോളജി വിഭാഗത്തില്‍ 4ഡി ഫാന്റോം 4 സിടി സിമുലേറ്ററിന് 40 ലക്ഷം, ബ്രാക്കിതെറാപ്പി ഐസിഎ ആപ്ലിക്കേറ്ററിന് 35 ലക്ഷം, ലാപറോസ്‌കോപിക് മെഷീന് 20 ലക്ഷം, അനസ്തീഷ്യ വര്‍ക്ക് സ്‌റ്റേഷന് 14 ലക്ഷം, പവര്‍ ലോണ്ട്രിക്ക് 10 ലക്ഷം, എസ്ആര്‍ടി ഇമ്മൊബുലൈസേഷന്‍ സിസ്റ്റത്തിന് 10 ലക്ഷം, എന്‍ഡോസ്‌കോപിക് മെഷീന് 10 ലക്ഷം, കൊബാള്‍ട്ട് മെഷീന്‍ നെറ്റുവര്‍ക്ക് ചെയ്യുന്നതിന് 7 ലക്ഷം തുടങ്ങിയവയ്ക്കും തുക അനുവദിച്ചു.

RELATED STORIES

Share it
Top