കോഴിക്കോട് ബൈപാസിന്അനുമതി: മന്ത്രി

കോഴിക്കോട്: കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയപാത വികസനത്തിന്റെ ഭാഗമായ 28.400 കിലോമീറ്റര്‍ നീളം വരുന്ന കോഴിക്കോട് ബൈപ്പാസ് (വെങ്ങളം മുതല്‍ രാമനാട്ടുകര വരെ) റോഡിനുള്ള കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുമതി നല്‍കിയതായി മന്ത്രി ജി സുധാകരന്‍ അറിയിച്ചു. ഹൈബ്രിഡ് ആന്വറ്റി പ്രകാരം നടത്തുന്ന പണിയുടെ മൊത്തം അംഗീകരിച്ച അടങ്കല്‍ തുക 1424.774 കോടിയാണെന്നും പ്രവൃത്തി നടത്താനുള്ള മറ്റു നടപടിക്രമങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു. പ്രസ്തുത പ്രവൃത്തിയില്‍ നാലു വലിയ പാലങ്ങളും ഒരു ചെറിയ പാലവും ഏഴ് മേല്‍പാലങ്ങളും വാഹനങ്ങള്‍ക്കുള്ള രണ്ടു അണ്ടര്‍പാസുകളും കാല്‍നടയാത്രയ്ക്കുള്ള 16 അടിപ്പാതകളും 103 കലുങ്കുകളും 26 ജംഗ്ഷനുകളും ഉള്‍പ്പെടുന്നതാണ്. ഇതിനായി ആകെ ആവശ്യമായ 127.80 ഹെക്ടര്‍ ഭൂമിയില്‍ 125.94 ഹെക്ടര്‍ ലഭിച്ചു കഴിഞ്ഞതാണ്. ബാക്കിയുള്ള 1.86 ഹെക്ടര്‍ ഭൂമിയുടെ അക്വസിഷന്‍ നടപടികള്‍ അന്തിമഘട്ടത്തിലാണ്. പ്രവൃത്തി നടക്കുന്നതിനോടൊപ്പം തന്നെ ഭൂമിയെടുപ്പ് നടപടി പൂര്‍ത്തീകരിക്കുന്നതാണ് എന്നും മന്ത്രി പറഞ്ഞു. ടെണ്ടര്‍ നടപടി ഈ മാസത്തില്‍ പൂര്‍ത്തീകരിക്കുമെന്നും ജനുവരിയില്‍ തന്നെ പ്രവൃത്തി ആരംഭിക്കുമെന്നും മന്ത്രി ജി സുധാകരന്‍ അറിയിച്ചു.

RELATED STORIES

Share it
Top