കോഴിക്കോട് കോര്‍ണിഷ് നാടിനു സമര്‍പ്പിച്ചു

കോഴിക്കോട്:  സൗന്ദര്യവല്‍ക്കരണം നടത്തിയ കോഴിക്കോട് സൗത്ത് ബീച്ച് (കോഴിക്കോട് കോര്‍ണിഷ്) നാടിന്  സമര്‍പ്പിച്ചു. ഇന്നലെ വൈകിട്ട് ബീച്ചില്‍ നടന്ന ചടങ്ങില്‍ സഹകരണ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ബീച്ചിന്റെ  ഉദ്ഘാടനം നിര്‍വഹിച്ചത്. നാടിന്റെ പ്രകൃതിഭംഗി സ്വദേശ-വിദേശ വിനോദ സഞ്ചാരികള്‍ക്ക്് ആസ്വദിക്കാന്‍ കഴിയുന്ന ഇത്തരം വിവിധ പദ്ധതികള്‍ എല്‍ഡിഎഫ്് സര്‍ക്കാര്‍ നടപ്പാക്കിവരികയാണെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
കോര്‍പറേഷന്റെ മേല്‍നോട്ടത്തില്‍ ബീച്ചിന്റെ രണ്ടാം ഘട്ട വികസനം നടപ്പാക്കും. മലബാറിലെ വിനോദ സഞ്ചാര വികസനത്തിന് സര്‍ക്കാര്‍ പ്രത്യേകം ഊന്നല്‍ നല്‍കുന്നുണ്ട്. ടൂറിസം കൊണ്ട്് നാട്ടുകാര്‍ക്ക് ഗുണമുണ്ടാകുന്ന തരത്തിലുള്ള ഉത്തരവാദിത്ത ടൂറിസമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഒന്‍പത് നദികളെ ബന്ധിപ്പിക്കുന്ന 350 കോടി രൂപയുടെ റിവര്‍ ക്രൂയിസ് ടൂറിസം പ്രൊജക്ട് സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഇതിനായി 100 കോടി രൂപ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഉത്തര കേരളത്തിലെ ചരിത്രവും സംസ്‌കാരവും ഗ്രാമീണ തനിമയും ഭക്ഷണ രീതികളും ആസ്വദിക്കാന്‍ അവസരം നല്‍കുന്ന പദ്ധതിയാണിത്. തുഷാരഗിരിയില്‍ 20 രാജ്യങ്ങളില്‍ നിന്നുള്ള ലോക കയാക്കിങ്ങ് ചാംപ്യന്മാര്‍ പങ്കെടുക്കുന്ന മല്‍സരമാണ് നടക്കുന്നത്. അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ പരിപാടിയിലേക്ക് ആകര്‍ഷിക്കുന്നതിന് പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ എംകെ മുനീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍,  ജില്ലാ കലക്ടര്‍ യു വി ജോസ്, വിനോദ സഞ്ചാര വകുപ്പ് ഡയരക്ടര്‍ ബാലകിരണ്‍ ഐഎഎസ്, ഡിസിസി പ്രസിഡന്റ് ടി സിദ്ദീഖ്, എം എ റസാഖ് മാസ്്റ്റര്‍, പോര്‍ട് ഓഫീസര്‍ അശ്വിനി പ്രതാപ്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഡിപാര്‍ട്ട്‌മെന്റ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ അനില്‍കുമാര്‍, കൗണ്‍സിലര്‍ ജയശ്രീ കീര്‍ത്തി, ബീച്ച് രൂപകല്‍പ്പന ചെയ്ത ആര്‍കിടെക്റ്റ്്്്് പി സി റഷീദ് സംബന്ധിച്ചു.

RELATED STORIES

Share it
Top