കോഴിക്കോട്ട് വീണ്ടും മണ്ണിടിച്ചില്‍; 2പേര്‍ക്ക് പരിക്ക്

കോഴിക്കോട്: നഗരത്തില്‍ വീണ്ടും കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് അപകടം. രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പശ്ചിമ ബംഗാള്‍ സ്വദേശികളായ രാജേഷ് റോയി (23), വിപാത് റോയി (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 9.45ഓടെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനു സമീപം ആനിഹാള്‍ റോഡിലാണ് അപകടമുണ്ടായത്. ഷോപ്പിങ്മാളിനു വേണ്ടി അണ്ടര്‍ഗ്രൗണ്ടില്‍ പാര്‍ക്കിങ് സൗകര്യമൊരുക്കുന്നതിനായി മണ്ണെടുത്ത സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ സമീപത്തെ വീടിന്റെ ചുറ്റുമതിലിനോട് ചേര്‍ന്ന ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. ബീച്ച് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മണ്ണെടുക്കുമ്പോള്‍ സുരക്ഷയ്ക്കായി പാര്‍ശ്വഭിത്തി ബലപ്പെടുത്തണമെന്ന നിര്‍ദേശം പാലിക്കാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതാണ് അപകട കാരണം. സുനില്‍ നിവാസില്‍ പി വി മോഹനന്‍ എന്നയാളുടെ വീടിനോട് ചേര്‍ന്നുള്ള ഭാഗമാണ് ഇടിഞ്ഞത്. മഴയായതിനാല്‍ മണ്ണെടുക്കരുതെന്നും അപകടമുണ്ടാവുമെന്നും പല തവണ കരാറുകാരനോട് പറഞ്ഞിരുന്നതായി മോഹനന്‍ പറഞ്ഞു. അനധികൃത നിര്‍മാണം പരിശോധിക്കാന്‍ പ്രത്യേക റവന്യൂ സംഘത്തെ നിയമിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മലപ്പുറം സ്വദേശി തെന്നല പുളിത്തറ കെ വി മുഹമ്മദ്കുട്ടിക്കു വേണ്ടിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
നഗരത്തില്‍ കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ മണ്ണിടിഞ്ഞുണ്ടാവുന്ന രണ്ടാമത്തെ അപകടമാണിത്. കഴിഞ്ഞ 3ന് ചിന്താവളപ്പില്‍ കെട്ടിട നിര്‍മാണത്തിനിടയില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിക്കുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്്തിരുന്നു.

RELATED STORIES

Share it
Top